reilway
പുനലൂർ-ചെങ്കോട്ട റെയിൽവേ പാത കടന്ന് പോകുന്ന കലയനാട്ടെ കട്ടിംഗ് ഇടിച്ച് മണ്ണ് മാറ്റിയപ്പോൾ.

പുനലൂർ:പുനലൂർ -ചെങ്കോട്ട റെയിൽവേ പാത കടന്നുപോകുന്ന കലയനാട്ട് റെയിൽവേ ഹാൾട്ടിംഗ് സ്റ്റേഷൻ അനുവദിക്കുമെന്ന അധികൃതരുടെ വാഗ്ദാനം നടപ്പായില്ല. പുനലൂർ സ്റ്റേഷനും ഇടമൺ സ്റ്റേഷനും മദ്ധ്യേയുളള കലയനാട് ജംഗ്ഷന് സമീപം സ്റ്റേഷൻ അനുവദിക്കുമെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്. പാത കടന്നുപോകുന്ന കലയനാട്ടെ മൺകട്ടിംഗ് പത്ത് ഡിഗ്രി വളവ് എട്ട് ഡിഗ്രിയാക്കി മാറ്റുകയും അലൈൻമെന്റിൽ മാറ്റംവരുത്തുകയും ചെയ്താൽ ഹാൾട്ടിംഗ് സ്റ്റേഷൻ പണിയാൻ കഴിയുമെന്ന് ഗേജ്മാറ്റ ജോലികൾ വിലയിരുത്താൻ എൻ.കെ.പ്രേമചന്ദ്രൻ എം.പിക്കൊപ്പം ഇടമണിൽ എത്തിയ ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ നേരത്തെ അറിയിച്ചിരുന്നു. ഹരിപ്പാട്ട് റെയിൽവേ നിർമ്മാണത്തിന് വേണ്ടി കലയനാട്ടെ വളവിലെ കട്ടിംഗ് ഇടിച്ച് മണ്ണ് കൊണ്ടുപോയത് മൂലം വളവ് പൂർണമായും ഒഴിവാക്കാൻ കഴിഞ്ഞു. ഇതോടെ കലയനാട്ടെ ഹാൾട്ടിംഗ് സ്റ്റേഷൻ അനുവദിക്കാനുണ്ടായ തടസം മാറിയിരിക്കുകയാണ്. ഈ സാഹചര്യം കണക്കിലെടുത്ത് കലയനാട്ട് പുതിയ ഹാൾട്ടിംഗ് സ്റ്റേഷൻ അനുവദിക്കാനുളള നടപടികൾ ആരംഭിക്കണമെന്ന് ആക്ഷൻ കൗൺസിൽ ഭാരവാഹികളായ ജയപ്രിയൻ, കുരുമ്പേലിൽ ബാബു എന്നിവർ ആവശ്യപ്പെട്ടു. പാത കടന്നുപോകുന്ന കലയനാട്ട് ഹാൾട്ടിംഗ് സ്റ്റേഷൻ അനുവദിച്ചാൽ നഗരസഭയിലെ വട്ടപ്പട, കാരയ്ക്കാട്, ഗ്രേസിംഗ് ബ്ലോക്ക്, പ്ലാച്ചേരി, താമരപ്പള്ളി, കലയനാട്, താഴെക്കടവാതുക്കൽ, ഐക്കരക്കോണം, വാളക്കോട്, അംബിക്കോണം തുടങ്ങിയ സ്ഥലങ്ങളിലെ താമസക്കാർക്ക് പുനലൂർ സ്റ്റേഷനിൽ എത്താതെ ട്രെയിൻ മാർഗം കൊല്ലം അടക്കമുളള പ്രദേശങ്ങളിൽ എത്താൻ കഴിയും. ഇപ്പോൾ അഞ്ച് മുതൽ പത്ത് കിലോമീറ്റർ വരെ സഞ്ചരിച്ചുവേണം പ്രദേശവാസികൾ പുനലൂർ റെയിൽവേ സ്റ്റേഷനിൽ എത്തേണ്ടത്. കലയനാട് ജംഗ്ഷന് സമീപത്തുകൂടിയാണ് നിലവിൽ പുനലൂർ-ചെങ്കോട്ട റെയിൽപാത കടന്നുപോകുന്നത്. ഇവിടെ ഹാൾട്ടിംഗ് സ്റ്റേഷൻ അനുവദിച്ചാൽ അയൽ സംസ്ഥാനങ്ങളിൽ നിന്ന് ശബരിമല ദർശത്തിന് എത്തുന്നവർക്കും, തിരികെ മടങ്ങുന്നവർക്കും ഏറെ ഗുണംചെയ്യും.

---

തടസം മാറി

കലയനാട്ടെ മൺകട്ടിംഗ് പത്ത് ഡിഗ്രി വളവ് എട്ട് ഡിഗ്രിയാക്കി മാറ്റുകയും അലൈൻമെന്റിൽ മാറ്റംവരുത്തുകയും ചെയ്താൽ ഹാൾട്ടിംഗ് സ്റ്റേഷൻ പണിയാൻ കഴിയുമെന്ന് റെയിൽവേ അറിയിച്ചിരുന്നു. ഹരിപ്പാട്ട് റെയിൽവേ നിർമ്മാണത്തിന് വേണ്ടി കലയനാട്ടെ വളവിലെ കട്ടിംഗ് ഇടിച്ച് മണ്ണ് കൊണ്ടുപോയത് മൂലം വളവ് പൂർണമായും ഒഴിവാക്കാൻ കഴിഞ്ഞു. ഇൗ സാഹചര്യത്തിൽ തടസം മാറിയിരിക്കുകയാണ്.