ana
ഇടപ്പാളയത്തെ എഴുന്നെളളത്തിൽ പങ്കെടുപ്പിക്കാൻ നെറ്റിപ്പട്ടം കെട്ടിയെത്തിയ ബാലനാരായണൻ എന്ന ആന.

പുനലൂർ: ആര്യങ്കാവ് പഞ്ചായത്തിലെ ഇടപ്പാളയം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ എഴുന്നെളളത്തിനിടെ ആന വിരണ്ടോടി. ഭയന്നോടിയ പെൺകുട്ടിയടക്കം രണ്ടുപേർക്ക് വീണുപരിക്കേറ്റു. തിങ്കളാഴ്ച രാത്രി 8 മണിയോടെ കൊല്ലം-തിരുമംഗലം ദേശീയ പാതയിലെ ഇടപ്പാളയം ലക്ഷംവീട് കോളനിക്ക് സമീപമായിരുന്നു സംഭവം. ക്ഷേത്രത്തിലെ കാവടി ഘോഷയാത്രയിൽ തിടമ്പേറ്റിയിരുന്ന ബാലനാരായണൻ എന്ന കൊമ്പനാനയാണ് വിരണ്ടത്. പരവൂർ സ്വദേശിയുടേതാണ് ആന.

ആന വിരണ്ടതറിഞ്ഞ് ആളുകൾ നാലുപാടും ചിതറിയോടി. ഇതിനിടെയാണ് ഇടപ്പാളയം ലക്ഷംവീട് സ്വദേശിനിയായ പെൺകുട്ടിക്കും സ്ത്രീക്കും പരിക്കേറ്റത്. ആനപ്പുറത്തിരുന്ന പൂജാരിയും പാപ്പാനും ചാടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തെ തുടർന്ന് ദേശീയപാതയിൽ അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. ഹെഡ് ലൈറ്റ് കത്തിച്ച് ഇരുചക്രവാഹനങ്ങൾ റോഡിൽ നിരത്തിവച്ചാണ് മറ്റുവാഹനങ്ങൾ തടഞ്ഞത്. ഇടപ്പാളയം ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ട ഘോഷയാത്ര കഴുതുരുട്ടിയിലെത്തി തിരിച്ച് ക്ഷേത്രത്തിലേക്ക് മടങ്ങുമ്പോഴാണ് ആന വിരണ്ടത്. ആനയ്ക്ക് പിന്നാലെ തെന്മല എസ്.ഐ അനീഷിന്റെ നേതൃത്വത്തിലുളള പൊലീസും പാപ്പൻമാരും ഓടി. ദേശീയപാതയിലൂടെ അരക്കിലോമീറ്ററോളം ഓടിയ ആന ഇടപ്പാളയം ലക്ഷംവീട് കോളനിയിലേക്കുളള പാലത്തിൽ കയറി. തുടർന്ന് സമീപത്തെ വനത്തിലേക്ക് ഓടിക്കയറിയപ്പോഴാണ് തളച്ചത്. പിന്നീട് കഴുതുരുട്ടി ആറ്റിൽ കൊണ്ടുപോയി വെളളം നൽകി. തുടർന്ന് ലോറിയിൽ കയറ്റി ആനയെ പരവൂരിലേക്ക് കൊണ്ടുപോയി. എഴുന്നെളളത്തിനിടെ ആനയുടെ വാലിൽ ആരോ പിടിച്ചുതൂങ്ങിയത് മൂലമാണ് വിരണ്ടതെന്ന് പാപ്പാൻ പറഞ്ഞു.