kallumthazham
കല്ലുംതാഴം റെയിൽവേ മേല്പാലത്തിന്റെ രൂപരേഖ

 വിശദ രൂപരേഖ തയാറായി

 നിർമ്മാണ ചെലവ്: 35. 21 കോടി

 സർവീസ് റോഡിന്റെ വീതി നാല് മീറ്റർ

 സർവീസ് റോഡ് ഉൾപ്പടെ 390 മീറ്റർ നീളം

 10.2 മീറ്റർ വീതി

ഒരു വശത്ത് 1.5 മീറ്റർ നീളത്തിൽ ഫുട്പാത്ത്

കൊല്ലം: ഏറെക്കാലമായുള്ള കാത്തിരിപ്പിന് വിരാമമിട്ട് കല്ലുന്താഴം റെയിൽവേ ഗേറ്റിന് സമാന്തരമായുള്ള റെയിൽവേ ഓവർ ബ്രിഡ്ജ് യാഥാർത്ഥ്യമാകുന്നു. കിറ്റ്കോ തയാറാക്കിയ റെയിൽവേ മേല്പാലത്തിന്റെ വിശദരൂപരേഖ സ്പെഷ്യൽ പർപ്പസ് വെഹിക്കളായ റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോർപ്പറേഷൻ അംഗീകരിച്ചു. വൈകാതെ കിഫ്ബിയുടെ അനുമതി കൂടി ലഭിക്കുന്നതോടെ നിർമ്മാണനടപടികളിലേക്ക് കടക്കും.

കല്ലുന്താഴം - കുറ്റിച്ചിറ റോഡിൽ കൊച്ചുകുളത്തിനും കാവൽപ്പുരം ജംഗ്ഷനും ഇടയിലെ റെയിൽവേ ഗേറ്റിൽ വാഹനങ്ങളുടെ നീണ്ട നിര പതിവാണ്. ഗേറ്റടച്ചാൽ വലിയ വാഹനങ്ങൾക്ക് കിലോമീറ്ററുകൾ ചുറ്റിയേ കല്ലുന്താഴത്തേയ്ക്കും കുറ്റിച്ചിറയിലേയ്ക്കും എത്താനാവൂ. തുടച്ചയായി ട്രെയിനുകൾ കടന്നുപോവുന്ന സമയത്ത് ഇരുവശത്തും വാഹനങ്ങളുടെ നീണ്ട നിരയാണ്. റോഡിന് വീതി കുറവായതിനാൽ ഗേറ്റ് തുറന്നാലും വളരെ സാവധാനത്തിലാണ് വാഹനങ്ങൾ നീങ്ങുന്നത്.

"പ്രദേശവാസികൾക്ക് പുറമേ കൊല്ലം - തേനി ദേശീയ പാതയിലെ യാത്രക്കാർക്കും ഏറെ പ്രയോജനകരമാകും പുതിയ മേല്പാലം. ദീർഘകാലമായുള്ള സ്വപ്നമാണ് യാഥാർത്ഥ്യമാവുന്നത്."

ബിജു ഹിണ്ടാസ് ( ജനറൽ സെക്രട്ടറി, ശ്രീനാരായണ വേൾഡ് റിസർച്ച് ആൻഡ് പീസ് സെന്റർ)

ഗതാഗതക്കുരുക്ക് കുറയും

റെയിൽവേ മേല്പാലം വരുന്നതോടെ ഇപ്പോൾ ദേശീയപാതയിലൂടെ കടന്നു പോവുന്ന വാഹനങ്ങൾക്ക് ഗതാഗതക്കുരുക്കിൽപ്പെടാതെ കുറ്റിച്ചിറ വഴിയുള്ള റോഡിനെ ആശ്രയിക്കാം. ഇതോടെ ദേശീയപാതയിൽ കല്ലുന്താഴം മുതൽ കരിക്കോട് വരെയുള്ള തിരക്ക് ഒരു പരിധി വരെ കുറയും.

മേല്പാലത്തിന്റെ ഇരു വശത്തും ഓരോ മീറ്റർ വീതിയിൽ ഡ്രെയിനേജും അതിന് മുകളിൽ നടപ്പാതയും ഉണ്ടാകും. സർവീസ്, അപ്രോച്ച് റോഡ് നിർമ്മാണത്തിനായി ഇരുവശങ്ങളിൽ നിന്നുമായി ഏകദേശം 1.30 സെന്റ് സ്ഥലം ഏറ്റെടുക്കേണ്ടി വരും.