കൊല്ലം: ശക്തമായ ത്രികോണ മത്സരത്തിന് കളമൊരുങ്ങുന്ന കൊല്ലത്ത് ബി.ജെ.പി സ്ഥാനാർത്ഥിയായി പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ള എത്തുമെന്ന അഭ്യൂഹം ശക്തം. തിരുവനന്തപുരത്ത് അടക്കം ചില മണ്ഡലങ്ങളിലും ശ്രീധരൻപിള്ളയുടെ പേര് ഉയരുന്നുണ്ടെങ്കിലും ഏറ്റവുമൊടുവിൽ കേൾക്കുന്നത് കൊല്ലത്താണ്. എൻ.കെ. പ്രേമചന്ദ്രനാണ് ഇവിടെ യു.ഡി.എഫ് സ്ഥാനാർത്ഥി.
സി.പി.എം സ്ഥാനാർത്ഥിയുടെ കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. പാർട്ടി മുൻ ജില്ലാ സെക്രട്ടറിയും സംസ്ഥാന സെക്രട്ടേറിയറ്റംഗവുമായ കെ.എൻ.ബാലഗോപാലിനാണ് സാദ്ധ്യത കൂടുതൽ. കൊല്ലം സീറ്റ് വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് സി.പി.എം നീക്കം.
ബി.ജെ.പിയെ സംബന്ധിച്ച് പഴയ കൊല്ലം മണ്ഡലമല്ല ഇന്ന്. ജില്ലയിൽ താഴേതട്ടുവരെ പാർട്ടിക്ക് ശക്തമായ വേരോട്ടമുണ്ട്. കമ്മ്യൂണിസ്റ്റ് കോട്ടയായ പുനലൂർ, ചടയമംഗലം അസംബ്ലി മണ്ഡലങ്ങളിൽ ശക്തമായ വേരോട്ടവും ഈ മേഖലയിലെ വിവിധ പഞ്ചായത്തുകളിൽ അംഗങ്ങളുണ്ടെന്ന കാര്യവും ബി.ജെ.പി നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന ശക്തമായ ഹൈന്ദവ വികാരം ഇക്കുറി അനുകൂലമാകുമെന്ന വിലയിരുത്തലുമുണ്ട്. അതിനാൽ ശ്രീധരൻപിള്ളയെപ്പോലുള്ള ശക്തനായ സ്ഥാനാർത്ഥിയെ നിറുത്തി വിജയിക്കാനുള്ള ശ്രമത്തിലാണ് ബി.ജെ.പി.
നായർ വോട്ടുകൾക്ക് നിർണായക സ്വാധീനമുള്ള മണ്ഡലത്തിൽ എൻ.എസ്.എസ് നിലപാടും അനുകൂല ഘടകമായി ബി.ജെ.പി വിലയിരുത്തുന്നു. സാമ്പത്തിക സംവരണം ഏർപ്പെടുത്തിയ കേന്ദ്ര സർക്കാർ തീരുമാനവും ബി.ജെ.പിക്ക് പ്രതീക്ഷ നൽകുന്നു.
വോട്ടിംഗ് ശതമാനം കൂടി
2014ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർത്ഥിയായിരുന്ന സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം.വേലായുധന് ലഭിച്ചത് 59,000 വോട്ടുകൾ. 2009ൽ സ്ഥാനാർത്ഥിയായിരുന്ന വയയ്ക്കൽ മധുവിന് കിട്ടിയത് 39,000 വോട്ടുകൾ. 2004ൽ 64,000 വോട്ടുകളും. എന്നാൽ കഴിഞ്ഞ അസംബ്ളി തിരഞ്ഞെടുപ്പോടെ ചിത്രം മാറി. ബി.ജെ.പിയുടെ വോട്ടിംഗ് ശതമാനം കൂടി. ജില്ലയിലെ 11 മണ്ഡലങ്ങളും എൽ.ഡി.എഫ് തൂത്തുവാരിയെങ്കിലും ചാത്തന്നൂർ മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർത്ഥിയായിരുന്ന ബി.ബി.ഗോപകുമാർ രണ്ടാം സ്ഥാനത്തെത്തി. മറ്റു മണ്ഡലങ്ങളിലും വോട്ടുകൾ ഗണ്യമായി വർദ്ധിച്ചു. ഇപ്പോഴാകട്ടെ ശബരിമലയടക്കമുള്ള വിഷയങ്ങളും മോദി പ്രഭാവവും നിലനിൽക്കുമ്പോൾ മികച്ച നേട്ടമുണ്ടാക്കാനാവുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി.
മറ്റ് പേരുകൾ
കൊല്ലത്ത് ബി.ജെ.പി സ്ഥാനാർത്ഥിയായി ശ്രീധരൻപിള്ളയുടെ പേര് മാത്രമല്ല മറ്റു ചില പേരുകളും പ്രചരിക്കുന്നു. സുരേഷ് ഗോപി, ടി.പി.സെൻകുമാർ, കൊല്ലം മുൻ ജില്ലാ കളക്ടർ സി.വി.ആനന്ദബോസ് എന്നിവരുടെ പേരുകളാണ് ഉയരുന്നത്.