കൊല്ലം: എൻ. അനിരുദ്ധനെ മാറ്റി ആർ. രാജേന്ദ്രനെ കൊല്ലം ജില്ലാ സെക്രട്ടറിയാക്കാനുള്ള സി.പി.ഐ സംസ്ഥാന എക്സിക്യുട്ടീവിന്റെ തീരുമാനം സി.പി.ഐ ജില്ലാ കൗൺസിൽ തള്ളി. തർക്കം മത്സരത്തിലേക്ക് നീങ്ങുമെന്ന് ഉറപ്പായപ്പോൾ തീരുമാനം വീണ്ടും സംസ്ഥാന എക്സിക്യുട്ടീവ് പരിശോധിക്കുമെന്ന് പറഞ്ഞ് സംസ്ഥാന സെക്രട്ടറി കാനം മടങ്ങി.
ചൊവ്വാഴ്ച തിരുവനന്തപുരത്ത് ചേർന്ന സംസ്ഥാന എക്സിക്യുട്ടീവാണ് അനിരുദ്ധനെ നീക്കി ആർ. രാജേന്ദ്രനെ സെക്രട്ടറിയാക്കാൻ തീരുമാനമെടുത്തത്. സംസ്ഥാന എക്സി.കമ്മിറ്റി തീരുമാനം റിപ്പോർട്ട് ചെയ്യാനാണ് ഇന്നലെ കൊല്ലത്ത് ജില്ലാ കൗൺസിലും എക്സി.കമ്മിറ്റിയും വിളിച്ചുചേർത്തത്. രാവിലെ ജില്ലാ എക്സി. കമ്മിറ്റി കൂടിയപ്പോൾ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ സംസ്ഥാന എക്സിക്യുട്ടീവ് തീരുമാനം റിപ്പോർട്ട് ചെയ്തു. എന്നാൽ ഇതിനെതിരെ ജില്ലാ എക്സി.കമ്മിറ്റിയിലെ ഭൂരിപക്ഷം അംഗങ്ങളും രംഗത്ത് വന്നു. ഒന്നുകിൽ എൻ. അനിരുദ്ധൻ തുടരണമെന്നും മാറ്റുന്നെങ്കിൽ മുൻ എം.എൽ.എ പി.എസ്. സുപാലിനെ സെക്രട്ടറിയാക്കണമെന്നും ഭൂരിപക്ഷ അഭിപ്രായംവന്നു. രണ്ടഭിപ്രായം വന്നതോടെ ജില്ലയിൽ നിന്നുള്ള സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെ യോഗം ഇവിടെ ചേർന്നു. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, അസി.സെക്രട്ടറിമാരായ കെ. പ്രകാശ് ബാബു, സത്യൻ മൊകേരി, സംസ്ഥാന എക്സി.അംഗങ്ങളായ കെ.ആർ. ചന്ദ്രമോഹനൻ, ജെ. ചിഞ്ചുറാണി, മന്ത്രി കെ.രാജു എന്നിവർ യോഗത്തിൽ പങ്കെടുത്തു.
ഉച്ചയ്ക്ക് ശേഷം ചേർന്ന ജില്ലാ കൗൺസിൽ യോഗത്തിലും പാർട്ടി സംസ്ഥാന എക്സി.കമ്മിറ്റിയുടെ തീരുമാനം കാനം രാജേന്ദ്രൻ റിപ്പോർട്ട് ചെയ്തു. രണ്ട് വിഭാഗങ്ങളായി തിരിഞ്ഞ് ആർ. രാജേന്ദ്രന്റെയും പി.എസ്. സുപാലിന്റെയും പേരുകൾ നിർദ്ദേശിച്ചു. ഏറ്റവുമൊടുവിൽ ഞാൻ ഒഴിവാകുന്നില്ലെന്ന് എൻ. അനിരുദ്ധനും പ്രഖ്യാപിച്ചു. 'ഇത് വെടക്കാക്കി തനിക്കാക്കാനുള്ള ചിലരുടെ നീക്കത്തിന്റെ ഭാഗമാണെന്ന്" കൂടി അനിരുദ്ധൻ പറഞ്ഞതോടെ നിർദ്ദേശം നടപ്പിലാക്കാനെത്തിയ സംസ്ഥാന എക്സിക്യുട്ടീവ് അംഗങ്ങൾ കുഴങ്ങി. വീണ്ടും വാശിപിടിച്ചാൽ മത്സരം നടക്കുമെന്ന ഘട്ടമെത്തിയപ്പോഴാണ് സംസ്ഥാന എക്സിക്യുട്ടീവ് തീരുമാനം പുനപരിശോധിക്കുമെന്ന് മറുപടി നൽകി കാനം മടങ്ങിയത്.
അനിരുദ്ധനെ മാറ്റാൻ തീരുമാനിച്ചില്ല: കാനം
സി.പി.ഐ കൊല്ലം ജില്ലാ സെക്രട്ടറി എൻ.അനിരുദ്ധനെ മാറ്റാൻ തീരുമാനിച്ചില്ലെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ കൊല്ലത്ത് മാദ്ധ്യമങ്ങളോട് പറഞ്ഞു. സംഘടനാപരമായ പ്രശ്നങ്ങളിൽ പ്രാഥമിക ചർച്ച നടത്തിയതാണ്. ഇനി തിരുവനന്തപുരത്ത് സംസ്ഥാന എക്സി.കമ്മിറ്റി ചേർന്ന് എന്ത് നടപടി വേണമെന്ന് തീരുമാനിക്കും. അച്ചടക്ക നടപടിയല്ല, സംഘടനാപരമായ മുന്നോട്ടുപോക്കാണ് ചർച്ച ചെയ്യുന്നതെന്നും കാനം കൂട്ടിച്ചേർത്തു.