പുനലൂർ:പുനലൂർ-പത്തനാപുരം പാതയിൽ നിന്നാരംഭിക്കുന്ന അലിമുക്ക്-അച്ചൻകോവിൽ വനപാതയുടെ നവീകരണ ജോലികൾ ആരംഭിച്ചു. തുറ പാലത്തോട് ചേർന്ന് പുതിയ അപ്രോച്ച് റോഡ് പണി പൂർത്തിയാക്കിയതോടെ വാഹനങ്ങൾ ഭാഗികമായി ഓടിത്തുടങ്ങി. നബാർഡിൽ നിന്ന് അനുവദിച്ച 13.5 കോടി രൂപ ചെലവഴിച്ചാണ് നവീകരണം. കാലപ്പഴക്കത്തെ തുടർന്ന് തകർച്ചയിലായ പാലം പൊളിച്ചുനീക്കുന്നതിന് മുന്നോടിയായാണ് സമീപത്ത് അപ്രോച്ച് റോഡ് പണിതത്. ഇന്ന് മുതൽ പാലം പൊളിച്ചുതുടങ്ങും. ഏതുസമയവും നിലംപൊത്താവുന്ന അവസ്ഥയിലായ പാലത്തിന്റെ അടിയിൽ തടി ഉപയോഗിച്ച് മുട്ടുകൊടുത്ത് നിറുത്തിയിരിക്കുകയാണ്. ഇതിനുമുകളിലൂടെയാണ് അച്ചൻകോവിലിലേക്കുളള കെ.എസ്.ആർ.ടി.സി ബസ് അടക്കമുളള വാഹനങ്ങൾ പോകുന്നത്. പാലം അപകടാവസ്ഥയിലായത് കണക്കിലെടുത്ത് ഗതാഗതം പലതവണ നിറുത്തിവച്ചിരുന്നു. കഴിഞ്ഞ 15വർഷമായി വന പാത തകർന്നുകിടക്കുകയാണ്. ഇത് സംബന്ധിച്ച് കേരളകൗമുദി പലതവണ വാർത്ത നൽകിയിരുന്നു. തുടർന്നാണ് നവീകരണത്തിന് നടപടി സ്വീകരിച്ചത് . സ്ഥലം എം.എൽ.എആയ മന്ത്രി കെ.രാജുവിന്റെ ശ്രമഫലമായാണ് നടപടി.