കൊല്ലം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എം.എൽ.എമാർ സ്ഥാനാർത്ഥികളാകുന്നത് പ്രയോജനം ചെയ്യുമെങ്കിൽ പരിഗണിക്കുമെന്ന് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എം.പി. കഴിഞ്ഞ തവണ മത്സരിച്ച സീറ്റുകളിൽത്തന്നെ ഇത്തവണയും യു.ഡി.എഫ് കക്ഷികൾ മത്സരിക്കും.- വാർത്താ സമ്മേളനത്തിൽ കൊടുക്കുന്നിൽ പറഞ്ഞു.
ഉമ്മൻചാണ്ടിയും വി.എം. സുധീരനും വിജയസാധ്യതയുള്ള സ്ഥാനാർത്ഥികളാണ്. നേതാക്കൾ ബൂത്തുകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കണമെന്ന നിർദ്ദേശം അവഗണിക്കുന്നവർക്ക് എതിരെ കർശന നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
29ന് വൈകിട്ട് മൂന്നിന് എറണാകുളം മറൈൻ ഡ്രൈവിൽ പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധി പങ്കെടുക്കുന്ന യോഗത്തിൽ 25,000 ബൂത്തുകളിൽ നിന്നായി അരലക്ഷം പേർ പങ്കെടുക്കും. കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ നയിക്കുന്ന ജനമഹായാത്ര ഫെബ്രുവരി മൂന്നിന് കാസർകോട്ടു നിന്ന് പര്യടനം തുടങ്ങും. 27ന് ജാഥ തിരുവനന്തപുരത്ത് സമാപിക്കുന്നതോടെ പാർട്ടി പ്രവർത്തകർ തിരഞ്ഞെടുപ്പിന് സജ്ജമാകും.
പാർട്ടി പറഞ്ഞാൽ താനും തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.