കൊല്ലം: ദേശീയ ജൂനിയർ വനിതാ ഹോക്കി ചാമ്പ്യൻഷിപ്പിന്റെ രണ്ടാംദിനവും കളിക്കളത്തിലിറങ്ങിയ കേരളം ഗുജറാത്തിനെ എതിരില്ലാത്ത നാല് ഗോളുകൾക്ക് തകർത്തു. ഹാട്രിക്കുമായി തിളങ്ങിയ രേവതി ഐ. നായരാണ് കേരളത്തിന്റെ വിജയ ശില്പി. മൂന്നാം മിനിറ്റിൽ തന്നെ ആർ. ബിൻസിയിലൂടെ കേരളം ആദ്യ ഗോൾ നേടി. തൊട്ടുപിന്നാലെ ഗുജറാത്തിനെ വീണ്ടും പ്രതിരോധത്തിലാക്കി കേരളത്തിന്റെ രേവതി ഐ.നായർ അടുത്ത ഗോൾ നേടി. ഗുജറാത്തിന് ഒരു പഴുതും നൽകാതെ ആക്രമിച്ച കേരളത്തിന് ഇതിനിടെ വീണു കിട്ടിയ പെനാൽറ്റി മുതലാക്കാൻ കഴിഞ്ഞില്ല.
കേരളത്തിന്റെ തുടർ ആക്രമണങ്ങളിൽ പകച്ചുപോയ ഗുജറാത്തിന്റെ വലയിൽ 39-ാം മിനിറ്റിൽ മൂന്നാം ഗോളും വീണു. ഇത്തവണയും രേവതിയാണ് വലകുലുക്കിയത്. പിന്നീട് ഒരിക്കൽക്കൂടി രേവതി കേരളത്തിന്റെ അക്കൗണ്ടിൽ ഗോളെത്തിച്ചു. ആദ്യ ദിനം കേരളം ഏകപക്ഷീയമായ ഒരുഗോളിന് തെലുങ്കാനയെ കീഴടക്കിയിരുന്നു.
ആദ്യത്തെ മത്സരത്തിൽ നിന്ന് പാഠം ഉൾക്കൊണ്ട് തകർപ്പൻ കളിയാണ് കേരളം പുറത്തെടുത്തത്. കളിയുടെ ഒരു ഘട്ടത്തിലും കേരളത്തെ സമ്മർദ്ദത്തിലാക്കാൻ ഗുജറാത്തിനായില്ല.
രാവിലെ നടന്ന രാജസ്ഥാൻ - മദ്ധ്യഭാരത് മത്സരത്തിൽ എതിരില്ലാത്ത ആറു ഗോളുകൾക്ക് രാജസ്ഥാൻ ജയിച്ചു. മറ്രു മത്സരങ്ങളിൽ എതിരില്ലാത്ത 12 ഗോളുകൾക്ക് അസം കാശ്‌മീരിനെയും എതിരില്ലാത്ത18 ഗോളുകൾക്ക് പട്യാല ഹിമാചലിനെയും തോൽപ്പിച്ചു.