കൊല്ലം: കൊല്ലം ബൈപ്പാസിൽ അപകടങ്ങൾ പെരുകുന്നതിന്റെ കാരണം തേടി നടനും എം.പിയുമായ സുരേഷ് ഗോപിയെത്തി. ഇന്നലെ ഉച്ചയോടെയാണ് കാവനാട് നിന്ന് മേവറം വരെയുള്ള ഭാഗം സന്ദർശിക്കാൻ സുരേഷ്ഗോപി എത്തിയത്. ദേശീയപാതാവിഭാഗം ഉദ്യോഗസ്ഥരും പൊലീസും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ബൈപ്പാസിൽ അപകടങ്ങളുണ്ടായ സ്ഥലങ്ങൾ അദ്ദേഹം സന്ദർശിച്ചു. പോരായ്മകൾ പരിഹരിക്കാൻ റിപ്പോർട്ട് തയാറാക്കി നൽകണമെന്ന് എം.പി നിർദ്ദേശിച്ചു. റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് കേന്ദ്രമന്ത്രിയുമായും ദേശീയപാത വിഭാഗവുമായും ഇടപെട്ട് നടപടിക്രമങ്ങൾക്ക് വേഗതയുണ്ടാക്കുമെന്നും എം.പി പറഞ്ഞു. ബൈപ്പാസിന്റെ അപാകതകൾ വിലയിരുത്താനെത്തിയ നടൻ സുരേഷ് ഗോപിയെ കാണാൻ നാട്ടുകാരുമെത്തിയിരുന്നു.
പോരായ്മകളുണ്ട്
ബൈപ്പാസിൽ നിലവിലുള്ള വാഹന ഗതാഗതത്തിന് ഒരുപാട് പോരായ്മകളുണ്ടെന്ന് സുരേഷ് ഗോപി എം.പി പറഞ്ഞു. വേഗത നിയന്ത്രണ സംവിധാനങ്ങൾ ഫലപ്രദമല്ല. ബസ് ബേയിൽക്കൂടിയാണ് മറ്റ് വാഹനങ്ങൾ പോകുന്നത്. ജില്ലാ കളക്ടറോടും ബന്ധപ്പെട്ട ഉദ്യോഗസ്ഥരോടും ഈ വിഷയം സംസാരിച്ചിട്ടുണ്ട്.