chirakkara
ചിറക്കര പഞ്ചായത്തിൽ പണികഴിപ്പിച്ച മിനി ഓഡിറ്റോറിയം മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ ഉദ്ഘാടനം ചെയ്യുന്നു. ജി.എസ്. ജയലാൽ എം.എൽ.എ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. ദീപു, എസ്. ലൈല, ബിന്ദുസുനിൽ എന്നിവർ സമീപം

ചാത്തന്നൂർ: കശുമാവ് കൃഷിക്ക് പ്രാമുഖ്യം നൽകി കശുഅണ്ടി ഉത്പാദനത്തിൽ സ്വയം പര്യാപ്തമാകാൻ സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകൾ തയ്യാറാകണമെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ പറഞ്ഞു. ചിറക്കര പഞ്ചായത്തിൽ പുതുതായി പണികഴിപ്പിച്ച മിനി ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനവും ജനകീയാസൂത്രണ ആനുകൂല്യ വിതരണവും നിർവഹിക്കുകയായിരുന്നു മന്ത്രി. നിലവിൽ എട്ട് ലക്ഷം ടൺ കശുഅണ്ടിയാണ് സംസ്ഥാനത്ത് ഇറക്കുമതി ചെയ്യുന്നത്. രണ്ട് വർഷത്തിനുളളിൽ മൂന്ന് ലക്ഷം ടൺ കശുഅണ്ടിയെങ്കിലും സംസ്ഥാനത്ത് ഉത്പാദിക്കാനുളള പദ്ധതികളാണ് സർക്കാർ ആവിഷ്കരിക്കുന്നത്. ചിറക്കര പഞ്ചായത്തിൽ അഞ്ഞൂറ് ഏക്കറെങ്കിലും കശുമാവ് കൃഷി ചെയ്യുന്നതിനുളള സംവിധാനം ഉണ്ടാക്കണമെന്നും ഇതിനായി വാർഡുതലത്തിൽ അനുയോജ്യമായ സ്ഥലം കണ്ടെത്തുന്നതിന് പദ്ധതി തയ്യാറാക്കണമെന്നും മന്ത്രി പറഞ്ഞു.

ചടങ്ങിൽ ജി.എസ്. ജയലാൽ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ലൈല ലാപ്ടോപ് വിതരണം ചെയ്തു. ജില്ലാ പഞ്ചായത്തംഗം എൻ. രവീന്ദ്രൻ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദുസുനിൽ, ഗ്രാമ പഞ്ചായത്തംഗങ്ങളായ ജി. പ്രേമചന്ദ്രനാശാൻ, ബി. മധുസൂദനൻപിള്ള, യു.എസ്. ഉല്ലാസ്, രജിതാ രാജേന്ദ്രൻ, വി. വിനോദ്കുമാർ, എസ്.ബി. സിന്ധുമോൾ എന്നിവർ സംസാരിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. ദീപു സ്വാഗതവും സെക്രട്ടറി കെ.പി. അനിലാകുമാരി നന്ദിയും പറഞ്ഞു.

ചിറക്കര പഞ്ചായത്തിൽ പണികഴിപ്പിച്ച മിനി ഓഡിറ്റോറിയം മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ ഉദ്ഘാടനം ചെയ്യുന്നു. ജി.എസ്. ജയലാൽ എം.എൽ.എ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. ദീപു, എസ്. ലൈല, ബിന്ദുസുനിൽ എന്നിവർ സമീപം