പുനലൂർ കെ.എസ്.ആർ.ടി.സി ബസ് ഡിപ്പോയ്ക്കു മുന്നിലെ യാർഡിൽ തറയോട് പാകുന്ന ജോലികൾ പുനരാരംഭിച്ചു. ജോലികൾ മുക്കാൽ ഭാഗത്തോളം നേരത്തെ നടന്നിരുന്നു. ഡിപ്പോയിലെ പഴയ കെട്ടിടം പൊളിച്ചുനീക്കാതിരുന്നത് മൂലം രണ്ടുമാസം മുമ്പ് ജോലികൾ കരാറുകാരൻ നിറുത്തിവച്ചിരുന്നു. ഇത് ഏറെ പ്രതിഷേധങ്ങൾക്ക് കാരണമായി . നഗരസഭാ ചെയർമാൻ എം.എ.രാജഗോപാൽ, മന്ത്രി കെ.രാജുവിന്റെ പ്രതിനിധി സി.അജയപ്രസാദ് അടക്കമുളളവർ കെ.എസ്.ആർ.ടി.സി. അധികൃതരുമായി നടത്തിയ ചർച്ചയെ തുടർന്ന് പഴയ കെട്ടിടം പൊളിച്ചുനീക്കി. രണ്ട് ദിവസം മുമ്പാണ് തറയോട് പാകാൻ വേണ്ടി യാർഡിന്റെ ഉപരിതലം വൃത്തിയാക്കുന്ന ജോലികൾ ആരംഭിച്ചത്. മന്ത്രി കെ.രാജുവിന്റെ പ്രദേശിക വികസന ഫണ്ടിൽ നിന്ന് അനുവദിച്ച1.60കോടി രൂപ ചെലവഴിച്ചാണ് ഡിപ്പോയും യാർഡും നവീകരിക്കുന്നത്. 80 ലക്ഷം രൂപ ചെലവഴിച്ച്, ഡിപ്പോയിലെ കെട്ടിടത്തിന് മുകളിൽ സ്ത്രീകൾക്ക് വിശ്രമിക്കാനുളള കെട്ടിടത്തിന്റെ നിർമ്മാണം പുരോഗമിച്ചുവരികയാണ്. ശേഷിക്കുന്ന 80 ലക്ഷം രൂപ ചെലവഴിച്ചാണ് യാർഡിൽ തറയോട് പാകുന്നത്. ഇത് പൂർത്തിയാകുമ്പോൾ ഡിപ്പോയ്ക്ക് മുന്നിൽ പ്രധാന കവാടവും പണിയും.