കൊല്ലം: ശാസ്‌താംകോട്ട കായൽ കാണാൻ കടൽ കടന്ന് ആയിരങ്ങൾ എത്തിയിട്ടുണ്ടെങ്കിലും ആഫ്രിക്കയിൽ നിന്ന് നൂറുപേർ ഒരുമിച്ചെത്തുന്നത് ഇത് ആദ്യമാകും. കിഴക്കേ ആഫ്രിക്കൻ രാജ്യമായ എത്യോപ്യയിൽ നിന്ന് കഴിഞ്ഞ ദിവസം വൈകിട്ടാണ് 101 അംഗ സംഘം തടാകതീരത്ത് എത്തിയത്. വള്ളം തുഴഞ്ഞ് കായലിന്റെ നാലതിരുകളിലേക്കും കണ്ണെറിഞ്ഞ് കോട്ടേക്കായലിന്റെ സൗന്ദര്യത്തെ ആവോളം അനുഭവിച്ചാണ് അവർ തീരത്തേക്ക് മടങ്ങിയത്.
തിരികെ എത്തുമ്പോഴേക്കും തീരത്ത് ഭരതനാട്യ ചുവടുകളുമായി ചിപ്പിയും ധനുഷ്‌കയും കാത്ത് നിൽപ്പുണ്ടായിരുന്നു. പിന്നെ കായൽ കാറ്റേറ്റ് ഭരതനാട്യത്തിന്റെ താളങ്ങളിലേക്ക്. ഇതിന് പിന്നാലെ മനോജ് സുബ്രഹ്മണ്യന്റെ ഹിന്ദി പാട്ടുകൾ. ഇത്രയുമൊക്കെയായപ്പോൾ എത്യോപ്യൻ സംഘത്തിലെ കുട്ടികൾ അവരുടെ സമൂഹഗാനവുമായി തീരത്ത് കാത്തിരുന്നവരുടെ മനസിലേക്കിറങ്ങി.
പാട്ടും നൃത്തവും അവസാനിച്ചപ്പോൾ വിദ്യാരംഭം സെൻട്രൽ സ്‌കൂളിലെ വിദ്യാർത്ഥികൾ ഇവരോട് സംവദിക്കാനെത്തി. ചോദ്യങ്ങളിലും ഉത്തരങ്ങളിലും കേരളത്തിലെയും എത്യോപ്യയിലെയും ജീവിതവും സമൂഹവും വിദ്യാഭ്യാസവും ആരോഗ്യവും കലയും സംസ്‌കാരവും വരെ കടന്നെത്തി. സംഘത്തിലെ യുവാക്കളും യുവതികളും വിദ്യാർത്ഥികളും ക്രിയാത്മകമായാണ് ചർച്ചയിൽ പങ്കെടുത്തത്.
ഭരതനാട്യം അവതരിപ്പിച്ച ചിപ്പിക്ക് ലഭിക്കുന്ന സമ്മാന തുകയെല്ലാം കാൻസർ ബാധിതർക്കായി നൽകുകയാണെന്ന് അറിഞ്ഞപ്പോൾ പെട്ടന്ന് തുക സമാഹരിച്ച് കൈമാറാനും എത്യോപ്യൻ സംഘം സന്നദ്ധരായി. പാട്ടും ചർച്ചയുമൊക്കെയായി നീണ്ടുപോയ സന്ധ്യയ്ക്കൊടുവിൽ കപ്പയും ചമ്മന്തിയും കട്ടൻചായയും എത്യോപ്യൻ അതിഥികൾക്ക് മുന്നിലെത്തി. കോട്ടേക്കായലിന്റെ സൗന്ദര്യം പോലെ മധുരമുള്ളതാണ് കേരളത്തിന്റെ തനത് വിഭവങ്ങളെന്ന് അടയാളപ്പെടുത്തിയാണ് സംഘം മടങ്ങിയത്.
ശാസ്‌താംകോട്ട ആസ്ഥാനമായ വേണാട് ടൂറിസം സഹകരണ സംഘമാണ് എത്യോപ്യൻ സംഘവുമായി തടാക തീരത്ത് കൂട്ടായ്‌മ ഒരുക്കിയത്. ശാസ്‌താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബികാദേവിപിള്ള കൂട്ടായ്‌മ ഉദ്ഘാടനം ചെയ്‌തു. വേണാട് ടൂറിസം സഹകരണ സംഘം പ്രസിഡന്റ് അഡ്വ. തോമസ് വൈദ്യൻ അദ്ധ്യക്ഷത വഹിച്ചു. കേരളത്തിന്റെ വിനോദ സഞ്ചാര മേഖലയിൽ ഉൾപ്പെടെ സന്ദർശനത്തിനും പഠനത്തിനുമായാണ് എത്യോപ്യയിൽ നിന്ന് സംഘമെത്തിയത്.