കൊല്ലം: കർഷകനെ വഴിയിൽ തടഞ്ഞുനിറുത്തി മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ രണ്ടാം പ്രതിയും പിടിയിൽ. കോട്ടാത്തല ഏറത്ത് ജംഗ്ഷൻ വിപിൻഭവനിൽ വിപിനെയാണ് (28) കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്. ഒക്ടോബർ 21ന് വൈകിട്ട് 3.30 ഓടെയായിരുന്നു കോട്ടാത്തല പണയിൽ കാരായിക്കോട്ട് വീട്ടിൽ സുഭാഷിനെ (48) മൂന്നംഗസംഘം ആക്രമിച്ചത്. പാൽവിതരണം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ പണയിൽ യു.പി സ്കൂളിന് സമീപം അക്രമിസംഘം കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് കേസ്. തലയ്ക്ക് സാരമായി പരിക്കേറ്റതിനെ തുടർന്ന് തിരുവനന്തപുരം മെഡി. കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന സുഭാഷിന് ഇനിയും ശരിയായ രീതിയിൽ ഓർമ്മ തിരിച്ച് കിട്ടിയിട്ടില്ല. ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുകയും ചെയ്തു. പടിഞ്ഞാറെ കല്ലടയിലെ ഒരു വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്ന വിപിനെ വീടുവളഞ്ഞാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ കൊട്ടാരക്കര കോടതി റിമാന്റ് ചെയ്തു. കേസിലെ ഒന്നാം പ്രതി തൃപുര സ്റ്റേറ്റ് റൈഫിൾസിൽ ഉദ്യോഗസ്ഥനായ പ്രശാന്ത് ഒളിവിലാണ്. സംഭവത്തിന് ശേഷം പ്രതികൾ രക്ഷപ്പെട്ടെങ്കിലും അന്ന് രാത്രിതന്നെ മൂന്നാംപ്രതി കോട്ടാത്തല ആമ്പല്ലൂർവിള വീട്ടിൽ അനൂപിനെ (35) അറസ്റ്റ് ചെയ്തിരുന്നു. മറ്റ് രണ്ട് പ്രതികളെ കണ്ടെത്താതെ പൊലീസ് ഒളിച്ചുകളി നടത്തുന്നതായി ബന്ധുക്കൾ വാർത്താസമ്മേളനം നടത്തി ആരോപിക്കുകയും മുഖ്യമന്ത്രിക്കും ഡി.ജി.പിയ്ക്കുമടക്കം പരാതി നൽകുകയും ചെയ്തു. പൊലീസ് സ്റ്റേഷന് മുന്നിൽ നിരാഹാര സമരം നടത്തുമെന്ന് സുഭാഷിന്റെ ഭാര്യ ജയ വ്യക്തമാക്കിയതോടെയാണ് അന്വേഷണം പുനരാരംഭിച്ചത്.
വീണ്ടും മാതൃകാ കർഷകൻ
കൊല്ലം: നെടുവത്തൂർ ഗ്രാമ പഞ്ചായത്തിലെ മികച്ച കർഷകനുള്ള അവാർഡ് വീണ്ടും കോട്ടാത്തല പണയിൽ കാരായിക്കോട്ട് വീട്ടിൽ സുഭാഷിനെ തേടിയെത്തി. ഏക്കറുകണക്കിന് ഭൂമി പാട്ടത്തിനെടുത്ത് വെറ്റില, വാഴ, പച്ചക്കറി, കിഴങ്ങുവർഗങ്ങൾ തുടങ്ങിയവ കൃഷി ചെയ്തുവരികയായിരുന്നു സുഭാഷ്. മുൻപ് രണ്ട് തവണ പഞ്ചായത്തിലെ മികച്ച കർഷകനുള്ള അവാർഡ് ലഭിച്ചിരുന്നു. ചിങ്ങം ഒന്നിന് നൽകേണ്ടിയിരുന്ന പുരസ്കാരം ശനിയാഴ്ചയാണ് സുഭാഷിന് കൈമാറിയത്. മൂന്നംഗ സംഘത്തിന്റെ ക്രൂര മർദ്ദനമേറ്റതിന്റെ അവശതകൾ വിട്ടുമാറാതെയാണ് സുഭാഷ് അവാർഡ് ഏറ്റുവാങ്ങാനെത്തിയത്. ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബി. വിജയൻപിള്ള പുരസ്കാരം കൈമാറി. ലക്ഷങ്ങളുടെ കടബാദ്ധ്യത നിലനിൽക്കുമ്പോഴാണ് സുഭാഷിനെ മൂന്നംഗ സംഘം മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്.