f
സംഘർഷത്തിൽ പരിക്കേറ്റ ആശുപത്രിയിൽ ചികിത്സയിലായ ബി.ജെ.പി പ്രവർത്തകർ

പത്തനാപുരം : പട്ടാഴിയിൽ ഡി.വൈ.എഫ്.ഐ - ആർ.എസ്.എസ് സംഘർഷത്തിൽ മൂന്ന് പേർക്ക് പരിക്ക്. പന്തപ്ലാവ് ഇഞ്ചപ്പാറ പുത്തൻവീട്ടിൽ അച്ചു എസ്. നായർ (22), സമീപവാസി ലളിതാസദനത്തിൽ അജി (52), തോട്ടത്തിൽ വീട്ടിൽ പങ്കജാക്ഷൻ പിള്ള (58) എന്നിവർക്കാണ് പരിക്കേറ്റത്. ശനിയാഴ്ച രാത്രി 11നാണ് സംഭവം. പട്ടാഴി പന്തപ്ലാവിൽ ആർ.എസ്.എസ് പ്രവർത്തകനായ അച്ചുവിനെ സംഘം ചേർന്നെത്തിയ ഡി.വൈ.എഫ്.ഐ പ്രവർത്തകർ മർദ്ദിക്കുകയും വീട്ടിൽ അതിക്രമിച്ച് കയറി ആയുധങ്ങളുപയോഗിച്ച് വെട്ടിപ്പരിക്കേല്പിക്കുകയും ചെയ്തു. വീട്ടുകാരുടെ നിലവിളികേട്ട് ഓടിയെത്തിയപ്പോഴാണ് അയൽവാസിയും കെ.എസ്.ആർ.ടി.സി കണ്ടക്ടറുമായ അജിക്ക് മർദ്ദനമേറ്റത്. ബഹളം കേട്ട് കൂടുതൽ സമീപവാസികൾ എത്തിയപ്പോഴേക്കും അക്രമിസംഘം ഓടി രക്ഷപ്പെട്ടു. അക്രമികൾ സഞ്ചരിച്ച ഇരുചക്രവാഹനം അച്ചുവിന്റെ വീട്ടിൽ ഉപേക്ഷിച്ചു. തുടർന്ന് സംഘടിച്ചെത്തിയ ആർ.എസ്.എസ് പ്രവർത്തകർ എസ്.എഫ്.ഐ ജില്ലാ വൈസ് പ്രസിഡന്റായ അനന്ദു എസ്. പിള്ളയുടെ പിതാവും സി.പി.എം പ്രവർത്തകനുമായ പങ്കജാക്ഷൻ പിള്ളയെ മർദ്ദിക്കുകയായിരുന്നു. പരിക്കേറ്റ അച്ചുവിനെയും അജിയെയും തിരുവനന്തപുരം മെഡി. കോളേജിൽ പ്രവേശിപ്പിച്ചു. പങ്കജാക്ഷൻ പിള്ള പുനലൂർ താലൂക്കാശുപത്രിയിൽ ചികിത്സയിലാണ്. ആക്രമണത്തിന് നേതൃത്വം നൽകിയ എസ്.എഫ്.ഐ ജില്ലാ വൈസ് പ്രസിഡന്റായ അനന്ദു എസ്. പിള്ളയെ കുന്നിക്കോട് പൊലീസ് അറസ്റ്റ് ചെയ്തു. കെ.എസ്.യു പ്രവർത്തകന്റെ കാല് തല്ലിയൊടിച്ച കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചയാളാണ് അനന്ദു. സംഭവത്തിൽ മുപ്പതോളം പ്രവർത്തകർക്കെതിരെ കുന്നിക്കോട് പൊലീസ് കേസെടുത്തു.