പിന്നിൽ നഗരസഭയെന്ന സംശയത്തിൽ പൊതുമരാമത്ത് വകുപ്പ്
കൊല്ലം: കോളേജ് ജംഗ്ഷനിൽ എസ്.എൻ കോളേജിന്റെ വശത്ത് നിന്ന് ശാരദാമഠത്തിന് മുന്നിലൂടെയുള്ള ഓടയുടെ മേൽമൂടികൾ മോഷണം പോയി. ശനിയാഴ്ച രാത്രിയാണ് 20 മേൽമൂടികൾ അപ്രത്യക്ഷമായത്.
പലയിടങ്ങളിൽ നിന്നായി ഇടവിട്ടാണ് മേൽമൂടികൾ ഇളക്കിയെടുത്തിരിക്കുന്നത്. മോഷണത്തിന് പിന്നിൽ നഗരസഭയാണെന്ന സംശയത്തിലാണ് പൊതുമരാമത്ത് വകുപ്പ്. നഗരസഭാ ജീവനക്കാർ ലോറിയിലെത്തി കയറ്റിക്കൊണ്ടുപോയെന്നാണ് സമീപത്തുള്ളവർ പൊതുമരാമത്ത് ഉദ്യോഗസ്ഥരോട് പറഞ്ഞത്. നഗരസഭാ ജീവനക്കാരെന്ന വ്യാജേന മറ്റാരെങ്കിലും കടത്തിയതാണെന്ന സംശയവുമുണ്ട്. എത്രയും വേഗം മോഷ്ടാക്കളെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് പൊതുമരാമത്ത് അധികൃതർ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.
സമീപത്തെ സ്ഥാപനങ്ങളിലെ സി.സി ടി.വി കാമറകളിൽ മേൽമൂടികൾ കടത്തുന്നതിന്റെ ദൃശ്യങ്ങളുണ്ടെന്നാണ് സൂചന. സംഭവത്തിന് പിന്നിൽ നഗരസഭാ ജീവനക്കാരനാണെങ്കിലും പൊതുമുതൽ മോഷ്ടിച്ച കേസിൽ പ്രതിയാകും. ഓട കോരാനാണെങ്കിൽ പോലും പൊതുമരാമത്ത് വകുപ്പിന്റെ അനുമതി വാങ്ങിയിട്ടേ മേൽമൂടി നീക്കാവൂ എന്നാണ് ചട്ടം.
നാല് വയസുകാരൻ ഓടയിൽ വീണു
മേൽമൂടികൾ മോഷണം പോയത് ഇതുവഴിയുള്ള കാൽനടയാത്രക്കാരെയുൾപ്പെടെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഇതുവഴി നടക്കുകയായിരുന്ന നാല് വയസുകാരന് കഴിഞ്ഞ ദിവസം ഓടയിൽ വീണ് പരിക്കേറ്റിരുന്നു. രാത്രികാലങ്ങളിൽ ആരെങ്കിലും ശ്രദ്ധയില്ലാതെ ഇതുവഴി നടന്നാൽ ഓടയിൽ വീഴുമെന്ന കാര്യം ഉറപ്പാണ്. ചില ഭാഗങ്ങളിൽ സമീപവാസികൾ റിബൺ കെട്ടി അപായ സൂചന നൽകിയിട്ടുണ്ട്. സമീപത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ആയിരക്കണക്കിന് വിദ്യാർത്ഥികളാണ് ഇതുവഴി സഞ്ചരിക്കുന്നത്. ഓടയുടെ വശത്ത് റോഡിനോട് ചേർന്ന് വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് പതിവായതിനാൽ മേൽമൂടികൾ ഇല്ലാത്തതോടെ കാൽനടയാത്രക്കാർ റോഡിന്റെ നടുവിലൂടെ സഞ്ചരിക്കേണ്ട അവസ്ഥയാണ്. ഓടയിൽ തളംകെട്ടി നിൽക്കുന്ന മലിനജലത്തിൽ നിന്ന് അസഹ്യമായ ദുർഗന്ധം പരിസരത്താകെ വ്യാപിക്കുന്നുണ്ട്.