നടപടിക്രമങ്ങൾ പൂർത്തിയാകാൻ ഇനിയും രണ്ട് മാസം കാക്കണം
കൊല്ലം: ഞാങ്കടവ് കുടിവെള്ള പദ്ധതിയ്ക്ക് പൈപ്പിടാൻ റെയിൽവേ ട്രാക്കിന് അടിയിൽ തുരങ്കം നിർമ്മിക്കും. കുണ്ടറയ്ക്കും കേരളപുരത്തിനും ഇടയിൽ ഏഴാംകുറ്റി ഭാഗത്താണ് റെയിൽവേ ട്രാക്കിന്റെ അടിയിലൂടെ പൈപ്പ് കടന്നുപോകേണ്ടത്. കൊല്ലം - തിരുമംഗലം ദേശീയ പാതയിൽ നിന്ന് തുടങ്ങി ട്രാക്കിന് അപ്പുറത്തെ ഇടറോഡിലെത്തുന്ന വിധമാണ് 25 മീറ്റർ നീളത്തിൽ ഒന്നര മീറ്റർ വ്യാസമുള്ള തുരങ്കം നിർമ്മിക്കേണ്ടത്. ട്രാക്കിന്റെ നിലവിലുള്ള നിരപ്പിൽ നിന്ന് മൂന്ന് മീറ്റർ താഴ്ചയിലൂടെയാണ് തുരങ്കം കടന്നുപോകുക. അതുകൊണ്ട് ട്രാക്കിന് ബലക്ഷയമോ മറ്റ് കഷ്ടനഷ്ടങ്ങളോ ഉണ്ടാകാനിടയില്ല.
അനുമതിയ്ക്കായി കാത്തിരിപ്പ്
റെയിൽവേ ട്രാക്കിനടിയിലൂടെ തുരങ്കം നിർമ്മിക്കാൻ റെയിൽവേയുടെ പ്രത്യേക അനുമതി ആവശ്യമാണ്. ഞാങ്കടവ് പദ്ധതിയുടെ നിർമ്മാണ ജോലികൾ തുടങ്ങുന്നതിന് മുമ്പു തന്നെ ഇതിനായി റെയിൽവേ അധികൃതർക്ക് അപേക്ഷ നൽകിയിരുന്നു. ട്രാക്കിന് സമീപംവരെ പൈപ്പ് ഇടൽ പൂർത്തിയാക്കിയ ശേഷമാണ് റെയിൽവേയുടെ അനുമതി ലഭിക്കാനുള്ള ശ്രമം ഊർജ്ജിതമാക്കിയത്. ഡിസൈൻ വർക്കുകൾ ചെന്നൈയിലെ ദക്ഷിണ മേഖലാ ആസ്ഥാനത്ത് നൽകിയിട്ടുണ്ട്. വാട്ടർ അതോറിറ്റിയുടെ എക്സി.എഞ്ചിനീയർ കഴിഞ്ഞ ദിവസം ചെന്നൈയിലെത്തി ധാരണാപത്രത്തിൽ ഒപ്പുവച്ചു. ഇനിയും നടപടിക്രമങ്ങൾ ശേഷിക്കുകയാണ്. കുറഞ്ഞത് രണ്ടുമാസമെങ്കിലും ഇതിനായി എടുക്കുമെന്നാണ് കരുതുന്നത്.
നിർമ്മാണ ജോലി തമിഴ്നാട് ഏജൻസിയ്ക്ക്
ട്രാക്കിനടിയിൽക്കൂടി തുരങ്കം നിർമ്മിച്ച് പൈപ്പിടാൻ വിദഗ്ധരായ തമിഴ്നാട് ഏജൻസിയ്ക്കാണ് നിർമ്മാണ കരാർ നൽകുക. 25 മീറ്റർ നീളത്തിൽ തുരങ്കം നിർമ്മിക്കുന്നതിന് മാത്രം 14 ലക്ഷം രൂപ ചെലവ് വരുമെന്നാണ് കണക്കുകൂട്ടുന്നത്. യന്ത്ര സാമഗ്രികളും വിദഗ്ധ തൊഴിലാളികളും ഇതിന് ആവശ്യമാണ്. ട്രാക്കിന് യാതൊരുവിധ തകരാറും ഉണ്ടാകാത്ത വിധം പൈപ്പ് മറുവശത്ത് എത്തിക്കേണ്ടതുണ്ട്. രണ്ട് മാസം നിർമ്മാണ ജോലികൾക്കായി വേണ്ടിവരും.
പൈപ്പിടൽ പുരോഗമിക്കുന്നു
കല്ലടയാറിന്റെ തീരത്തായി പുത്തൂർ ഞാങ്കടവ് നിന്നും വസൂരിച്ചിറവരെ 28 കിലോമീറ്റർ ദൂരത്തിലാണ് പദ്ധതിയ്ക്കുവേണ്ടി പൈപ്പിടുന്നത്. ഇതിനോടകം എട്ടര കിലോ മീറ്റർ ദൂരത്തിൽ പൈപ്പിട്ടുകഴിഞ്ഞു. കൈതക്കോട്, പേരയം, തട്ടാർകോണം റീച്ചുകളിലായി പൈപ്പിടുന്ന ജോലികൾ പുരോഗമിക്കുകയാണ്. കൊല്ലം-തേനി ദേശീയ പാതയിൽ ഇളമ്പള്ളൂർ മുതൽ നീരൊഴുക്കിൽവരെ 2.4 കിലോമീറ്റർ ദൂരത്തിൽ പൈപ്പിടേണ്ടതുണ്ട്. ഇതിന് ഇനിയും അനുമതി ലഭിച്ചിട്ടില്ല.