ശാസ്താംകോട്ട: ശാസ്‌താംകോട്ട താലൂക്ക് ആശുപത്രിയുടെ ഹൃദയമിടിപ്പ് നിലയ്‌ക്കാതെ കാക്കാൻ അടിയന്തര ഭരണ ഇടപെടൽ അനിവാര്യം. താലൂക്ക് ആശുപത്രിയെന്ന് പേരുണ്ടെങ്കിലും ഡോക്‌ടർമാരുൾപ്പെടെ വേണ്ടത്ര ജീവനക്കാരില്ലാതെ ബുദ്ധിമുട്ടിലാണ് പതിറ്റാണ്ടുകളായി ആശുപത്രി. അടുത്തിടെ അനസ്തേഷ്യ വിഭാഗത്തിലുൾപ്പെടെ സ്ഥിരം ഡോക്ടർമാർ ഇല്ലാതായതോടെ ആശുപത്രിയുടെ പ്രവർത്തനം പാടേ അവതാളത്തിലായി. എല്ലാ ദിവസും അനസ്തേഷ്യ ഡോക്‌ടർമാർ ഇല്ലാത്തതിനാൽ രോഗികൾക്ക് ആവശ്യമുള്ള സമയത്ത് ശസ്‌ത്രക്രിയ നടത്താൻ കഴിയുന്നില്ല. ഒരു മാസത്തിലേറെയായി ഓർത്തോ വിഭാഗത്തിലെ ഡോക്‌ടർ അവധിയിലാണ്. പകരം സംവിധാനം ഏർപ്പെടുത്താത്തതിനാൽ ഓർത്തോ വിഭാഗത്തിൽ ചികിത്സ തേടിയെത്തുന്നവർ കൊട്ടാരക്കര, കരുനാഗപ്പള്ളി താലൂക്ക് ആശുപത്രികൾ, സ്വകാര്യ ആശുപത്രികൾ എന്നിവിടങ്ങളിലേക്ക് പോവുകയാണ്. രണ്ട് ഗൈനക്കോളജിസ്റ്റുമാരിൽ ഒരാളെ കൊട്ടാരക്കരയിലേക്ക് താത്കാലികമായി മാറ്റിയതിനാൽ ഇവിടെ ഒരാളുടെ സേവനം മാത്രമേയുള്ളൂ.ശബരിമല ഡ്യൂട്ടിയിലായിരുന്ന ഫിസിഷ്യൻ തിരികെ എത്തിയതാണ് ജനറൽ മെഡിസിൻ വിഭാഗത്തിന്റെ ആശ്വാസം. ഇ.എൻ.ടി, ശിശുരോഗം, സർജറി എന്നീ വിഭാഗങ്ങളിൽ ഡോക്‌ടർമാരുണ്ടെങ്കിലും വിദഗ്ദ്ധചികിത്സ ആവശ്യമായവർക്ക് കിടത്തി ചികിത്സ നൽകുന്നില്ലെന്ന് പരാതിയുണ്ട്.
ദിവസവും നൂറ് കണക്കിന് രോഗികളാണ് പിന്നാക്ക മേഖലയായ കുന്നത്തൂരിലെ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയെത്തുന്നത്. എന്നാൽ സ്റ്റാഫ് പാറ്റേൺ പരിഷ്കരിക്കാനോ ആവശ്യമായ ഡോക്ടർമാരെ വിന്യസിക്കാനോ ഇതുവരെ ഭരണ രാഷ്‌ട്രീയ തലത്തിൽ സജീവ ഇടപെടൽ ഉണ്ടായിട്ടില്ല. ഉച്ചയ്ക്ക് ഒരു മണിക്ക് ശേഷം അത്യാഹിത വിഭാഗത്തിൽ ഒരു ഡോക്‌ടർ മാത്രമാണ് ഉണ്ടാവുക. നൂറ് കണക്കിന് രോഗികളാണ് ഇവിടുത്തെ അത്യാഹിത വിഭാഗത്തിലും ചികിത്സ തേടുന്നത്. ഡോക്‌ടറെ വേഗത്തിൽ കാണാൻ കഴിയാത്തതുമായി ബന്ധപ്പെട്ടുള്ള തർക്കങ്ങളും പതിവാണ്.
കിടപ്പുരോഗികളുടെ എണ്ണം കുറയുന്നു
51 രോഗികളെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യം ആശുപത്രിയിലുണ്ടെങ്കിലും അടുത്തിടെയായി വാർഡുകൾ പൂർണമായും ഒഴിഞ്ഞുകിടക്കുകയാണ്. ആശുപത്രിയിലെ സർജറി, ഓർത്തോ വിഭാഗങ്ങളുടെ സേവനം ഏതാണ്ട് പൂർണമായും നിലച്ചതാണ് രോഗികളുടെ എണ്ണം കുയുന്നതിന്റെ ഒരു ഘടകം. കിടത്തി ചികിത്സ ആവശ്യമായ രോഗികളെ സമീപത്തെ താലൂക്ക് ആശുപത്രികൾ, ജില്ലാ ആശുപത്രി എന്നിവിടങ്ങളിലേക്ക് റഫർ ചെയ്യുകയാണെന്ന പരാതി രോഗികളുടെ ബന്ധുക്കൾക്കുണ്ട്. കിടപ്പുരോഗികൾക്ക് ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ ആനുകൂല്ല്യങ്ങൾ ലഭിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.
എക്‌സ് റേ ഉണ്ട്, നടുവിന് പറ്റില്ല
ആശുപത്രിയിലെ എക്സ്റേ യൂണിറ്റ് തകരാറായതിനെ തുടർന്ന് നീണ്ടകര താലൂക്ക് ആശുപത്രിയിൽ നിന്നാണ് ഇവിടെ എക്സ്റേ യന്ത്രം എത്തിച്ചത്. പക്ഷേ ഇതിൽ നടുവിന്റെ എക്സ്റേ എടുക്കാനാകില്ല. വീണ് പരിക്കേറ്റ് എത്തുന്നവർ സ്വകാര്യ എക്സ്റേ യൂണിറ്റുകളെ ആശ്രയിക്കുകയാണ് പതിവ്.
ഡയാലിസിസ് യൂണിറ്റ് തുറന്ന് നൽകുന്നില്ല
ഡയാലിസിസ് യൂണിറ്റിന്റെ നിർമ്മാണം പൂർത്തിയായെങ്കിലും ഉദ്ഘാടനം നടത്താത്തതിനാൽ പ്രവർത്തനം ആരംഭിച്ചിട്ടില്ല. മുമ്പ് രണ്ട് തവണ ഉദ്ഘാടനം തീരുമാനിച്ചെങ്കിലും മന്ത്രിക്ക് അസൗകര്യം ഉണ്ടെന്ന പേരിൽ മാറ്റിവച്ചു. ഉദ്ഘാടനം നടത്തിയില്ലെന്ന പേരിൽ യൂണിറ്റിന്റെ സേവനം വൃക്കരോഗികൾക്ക് നിഷേധിക്കരുതെന്ന ആവശ്യം പരിഗണിക്കുന്നില്ല.
.......................................
'പരിമിതികൾക്കിടയിലും രോഗികൾക്ക് മികച്ച പരിചരണം നൽകാനുള്ള പരിശ്രമമാണ് നടത്തുന്നത്.'
ഡോ.കെ.ആർ.സുനിൽകുമാർ
ആശുപത്രി സൂപ്രണ്ട്
..............................
സ്റ്റാഫ് പാറ്റേൺ പരിഷ്‌കരിച്ചെങ്കിൽ മാത്രമേ താലൂക്ക് ആശുപത്രിയിലെ പ്രശ്‌നങ്ങൾക്ക് പൂർണമായും പരിഹാരം കാണാനാകൂ. നിലവിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഇടപെടും.
ഡോ.വി.വി.ഷേർളി
ജില്ലാ മെഡിക്കൽ ഓഫീസർ