കൊല്ലം: പോളയത്തോട് ശ്മശാനത്തിന് മുന്നിൽ ഒറ്റരാത്രി കൊണ്ട് രൂപപ്പെട്ട മാലിന്യക്കൂന അസഹ്യമായ ദുർഗന്ധം പരത്തി ജനജീവിതം ദുസഹമാക്കി. നഗരസഭയിലെ ശുചീകരണ തൊഴിലാളികളെത്തി മാലിന്യം വേർതിരിച്ച് സമീപത്തെ എയ്റോബിക് ബിന്നിൽ നിക്ഷേപിച്ചെങ്കിലും ദുർഗന്ധം വിട്ടുമാറിയിട്ടില്ല.
നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവർ കവറുകളിലാക്കി മാലിന്യം ശ്മശാനത്തിന് മുന്നിൽ നിക്ഷേപിക്കുന്നത് പതിവാണ്. എന്നാൽ ഒറ്റരാത്രി കൊണ്ട് കൂറ്റൻ മാലിന്യക്കൂന രൂപപ്പെടുന്നത് ആദ്യമാണ്. ഇറച്ചി അവശിഷ്ടങ്ങളും ഭക്ഷണാവശിഷ്ടങ്ങളുമായിരുന്നു മാലിന്യക്കൂനയിലധികവും. ഒരുപറ്റം തെരുവ് നായകളും മാലിന്യത്തിന് മുന്നിൽ തമ്പടിച്ചിരുന്നു. സമീപത്തെ ഹോട്ടലുകൾ മാലിന്യം ശേഖരിച്ച് സൂക്ഷിച്ച ശേഷം കൂട്ടത്തോടെ ഞായറാഴ്ച രാത്രി തള്ളിയതാകാമെന്നാണ് സംശയം. നഗരസഭയുടെ രാത്രി സ്ക്വാഡ് ഞായറാഴ്ച പ്രവർത്തിക്കാത്തതാണ് ഇവർക്ക് മാലിന്യം തള്ളാൻ സഹായകരമായത്.
അജൈവ മാലിന്യം ചാക്കുകളിലാക്കി ശ്മശാനത്തിൽ
ജൈവ മാലിന്യം എയിറോബിക് ബിന്നിലേക്ക് മാറ്റിയ ശേഷം അജൈവ മാലിന്യം ചാക്കുകളിലാക്കി ശ്മശാനത്തിനുള്ളിൽ സൂക്ഷിച്ചിരിക്കുകയാണ്. സംസ്കാര ചടങ്ങുകൾ നടക്കുന്ന ഷെഡിനോട് ചേർന്നാണ് അസഹ്യമായ ദുർഗന്ധം ഉയർത്തുന്ന ചാക്ക് കെട്ടുകൾ നിക്ഷേപിച്ചിരിക്കുന്നത്. നേരത്തെ അജൈവ മാലിന്യങ്ങൾ ശ്മശാനം വളപ്പിൽ നിന്ന് മാലിന്യം നിക്ഷേപിക്കാൻ വേർതിരിച്ചെടുത്ത സ്ഥലത്താണ് തള്ളിയിരുന്നത്. എന്നാൽ ഇന്നലെ ലോറിയിൽ കൊണ്ടുവന്ന മാലിന്യ ചാക്കുകൾ ശ്മശാനത്തിന്റെ മതിൽ പൊളിച്ച് ഉള്ളിൽ തള്ളുകയായിരുന്നു.