photo
പൂർത്തീകരണത്തിന്റെ വക്കിൽ എത്തി നിൽക്കുന്ന തുറയിൽക്കടവ് കടത്തുകടവ്.

കരുനാഗപ്പള്ളി: വർഷങ്ങളായി തകർന്നുകിടന്ന തുറയിൽക്കടവ് കടത്തുകടവ് പുനർനിർമ്മിച്ചു തുടങ്ങി. ആലപ്പാട് ഗ്രാമപഞ്ചായത്തിലെ കുഴിത്തുറയേയും കുലശേഖരപുരം ഗ്രാമപഞ്ചായത്തിലെ തുറയിൽക്കടവിനേയും തമ്മിൽ ബന്ധിപ്പിക്കുന്നതാണ് തുറയിൽക്കടവ് കടത്ത്. ഒരുനൂറ്റാണ്ടിലേറെ പഴക്കമുള്ള കടത്താണിത്. അരനൂറ്റാണ്ടിന് മുമ്പ് ഇവിടം കരുനാഗപ്പള്ളിയുടെ പ്രധാന വ്യാപാരകേന്ദ്രമായിരുന്നു. കരുനാഗപ്പള്ളിയിലെ കശുഅണ്ടി ഫാക്ടറികളിലേക്ക് കശുഅണ്ടി എത്തിച്ചിരുന്നത് ഈ കടവിലായിരുന്നു. ഇവിടെനിന്ന് കാളവണ്ടിയിലും കൈവണ്ടികളിലുമാണ് സാധനങ്ങൾ വിവിധ സ്ഥലങ്ങളിലേക്ക് കൊണ്ടുപോയിരുന്നത്. 35 വർഷങ്ങൾക്ക് മുമ്പ് നിർമ്മിച്ച കടവാണ് ഇപ്പോഴുള്ളത്. പതിന്നാല് വർഷം മുമ്പുണ്ടായ സുനാമിയിലാണ് കടവ് പൂർണമായും തകർന്നത്.. ഇതുമൂലം ഇവിടെനിന്ന് വള്ളത്തിൽ കയറുന്നത് യാത്രക്കാർക്ക് ദുഷ്കരമായി. നൂറുകണക്കിന് ആളുകളാണ് കടത്തുവള്ളത്തെ ആശ്രയിച്ച് യാത്രചെയ്യുന്നത്. വള്ളത്തിലേക്ക് കയറുന്നതിനിടയിൽ കാൽവഴുതി യാത്രക്കാർ കായലിൽ വീഴാറുണ്ട്. നാട്ടുകാർ പലതവണ പരാതിപ്പെട്ടിട്ടും സുനാമി പുനരധിവാസ ഫണ്ട് ഉപയോഗിച്ച് കടത്തുകടവ് പുനർനിർമ്മിക്കാൻ അധികൃതർ തയ്യാറായില്ല. കടവ് പുനർനിർമ്മിച്ച് നാട്ടുകാരുടെ ബുദ്ധിമുട്ട് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കേരളകൗമുദി വാ‌ർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതേ തുടർന്ന് പൊതുമരാമത്ത് വകുപ്പ് മുൻകൈയെടുത്ത് ഫണ്ട് അനുവദിക്കുകയായിരുന്നു. രണ്ടുമാസം മുമ്പാണ് പുനർനിർമ്മാണം ആരംഭിച്ചത്. കടവിന്റെ ഇരുവശങ്ങളും കോൺക്രീറ്റ് ചെയ്ത് മേൽഭാഗത്തുള്ള മണ്ണ് നീക്കംചെയ്താൽ പുനർനിർമ്മാണം പൂർണമാകും.

----

തുറയിൽക്കടവ് കടത്തുകടവ് നിർമ്മിച്ചത് 35 വർഷം മുമ്പ്

14 വർഷം മുമ്പുണ്ടായ സുനാമിയിലാണ് കടവ് തകർന്നത്

പുനർനിർമ്മാണം തുടങ്ങിയത് 2 മാസം മുമ്പ്