29-jan

എഴുകോൺ: ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് മദ്ധ്യവയസ്കരായ ദമ്പതികൾ മരിച്ചു. അമ്പലത്തുംകാല കാക്കാക്കോട്ടൂർ പാലവിള പുത്തൻവീട്ടിൽ യോഹന്നാൻ (60), ഭാര്യ അന്നമ്മ യോഹന്നാൻ (57, ലില്ലിക്കുട്ടി) എന്നിവരാണ് മരിച്ചത്.

ഇന്നലെ പുലർച്ചെ 5.30 ഓടെയായിരുന്നു അപകടം. യോഹന്നാനും അന്നമ്മയും അടുക്കളയിൽ നിൽക്കുമ്പോൾ ഉഗ്രസ്‌ഫോടനം ഉണ്ടാവുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ഇരുവരെയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വൈകിട്ട് 3 മണിയോടെ അന്നമ്മയും 6 മണിയോടെ യോഹന്നാനും മരിച്ചു. മകൻ ജോമോൻ മുകളിലത്തെ നിലയിലായിരുന്നതിനാൽ പൊള്ളലേൽക്കാതെ രക്ഷപ്പെട്ടു.
സ്ഫോടനത്തിൽ അടുക്കള ഉൾപ്പെടെ മൂന്ന് മുറികൾ പൂർണമായി തകർന്നു. സിലിണ്ടറിൽ നിന്ന് പാചകവാതകം ചോർന്ന് അടുക്കളയിൽ പരന്നിരിക്കാമെന്നും വീട്ടുകാർ ലൈറ്റ് ഇടുകയോ സ്റ്റൗ കത്തിക്കാൻ ശ്രമിക്കുകയോ ചെയ്തപ്പോൾ തീ പടർന്ന് സ്ഫോടനം ഉണ്ടായതാകാമെന്നും പൊലീസ് പറഞ്ഞു. മറ്റ് സാദ്ധ്യതകളും പൊലീസ് പരിശോധിച്ച് വരികയാണ്. കൊട്ടാരക്കരയിൽ നിന്ന് അഗ്നിശമന സേന എത്തി സിലിണ്ടർ പരിശോധിച്ച് സുരക്ഷ ഉറപ്പാക്കി. എഴുകോൺ പൊലീസും ഫോറൻസിക് വിദഗ്ദ്ധരും എത്തി തെളിവ് ശേഖരിച്ചു.

അന്നമ്മ കൊട്ടാരക്കര ഇ.എസ്.ഐ ആശുപത്രിയിലെ റിട്ട. നഴ്സാണ്. യോഹന്നാന് സിമന്റ് കട്ടയുടെ ബിസിനസാണ്. മക്കൾ: സിബി യോഹന്നാൻ, പരേതയായ ആൻസി യോഹന്നാൻ. മരുമകൾ: രാജി.