photo
കടത്തുവള്ളങ്ങൾക്ക് ഭീഷണിയാകുന്ന മത്സ്യബന്ധന ബോട്ടുകൾ.

കരുനാഗപ്പള്ളി: കായലിൽ മത്സ്യബന്ധന ബോട്ടുകളാണ് ഭീമൻമാർ. അവയെ പേടിച്ചാണ് പാവം കടത്തുവള്ളങ്ങളുടെ യാത്ര. ബോട്ടുകളുടെ അമിതവേഗത്തിലുള്ള യാത്രയിൽ ആടിയുലയുന്ന വള്ളങ്ങൾ അപകടത്തിൽപ്പെടാൻ സാദ്ധ്യതയേറെയാണ്. ബോട്ടുകൾ കായലിലൂടെ പാഞ്ഞുപോകുമ്പോൾ ശക്തിയായി ഉയരുന്ന തിരമാലകളിൽ വള്ളങ്ങൾ ആടിയുലയും. അപ്പോൾ യാത്രക്കാർ വള്ളത്തിൽ ഭയന്നാണ് ഇരിക്കുന്നത്. ഇതൊന്നും ബോട്ടുകാർക്ക് പ്രശ്നമല്ല. കടത്തുകാരന്റെ മനസാന്നിദ്ധ്യം ഒന്നുകൊണ്ടുമാത്രമാണ് മിക്കപ്പോഴും യാത്രക്കാരെ സുരക്ഷിതരായി കരയ്ക്കെത്തിക്കാൻ കഴിയുന്നത്. രാവിലേയും വൈകിട്ടും നിരവധി മത്സ്യബന്ധന ബോട്ടുകളാണ് തലങ്ങുംവിലങ്ങും പായുന്നത്. കടത്തുകടവിലൂടെ ബോട്ടുകളും മത്സ്യബന്ധന വള്ളങ്ങളും പോകുമ്പോൾ വേഗത കുറയ്ക്കണമെന്ന് ജില്ലാ ഭരണകൂടത്തിന്റെ കർശന നിർദ്ദേശമുണ്ട്. തെക്ക് പത്മനാഭന്റെ കടത്തുകടവ് മുതൽ വടക്കോട്ട് അഴീക്കൽ പള്ളിക്കടവ് വരെ പതിനഞ്ചോളം കടത്തുകടവുകളാണുള്ളത്. ഒറ്റപ്പെട്ടുകിടക്കുന്ന ആലപ്പാട് ഗ്രാമപഞ്ചായത്തിനെ പുറംലോകവുമായി ബന്ധിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നത് കടത്തുകടവാണ്. ഇവിടെയെല്ലാം സർക്കാർ കടത്തുമുണ്ട്. വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധി യാത്രക്കാരാണ് കടത്തുവള്ളത്തെ ആശ്രയിക്കുന്നത്. ആലപ്പാട് ഗ്രാപഞ്ചായത്തിൽ പണിക്കർ കടവ്, കല്ലുംമൂട്ടിൽ കടവ്, ആയിരംതെങ്ങ് എന്നീ മൂന്ന് പാലങ്ങളേയുള്ളു. ബാക്കി സ്ഥലങ്ങളിൽ കടത്തുവള്ളമാണ് ആശ്രയം. അഞ്ചു വർഷങ്ങൾക്കുള്ളിൽ ക്ലാപ്പന പള്ളിക്കടവ്, അഴീക്കൽ കടവ്, കാട്ടിൽകടവ് എന്നിവിടങ്ങളിൽ ബോട്ടിടിച്ച് വള്ളം മറിഞ്ഞിരുന്നു. ഇതേതുടർന്നാണ് കടവുകളിലൂടെ കടന്നുപോകുന്ന ബോട്ടുകൾക്ക് വേഗതയിൽ നിയന്ത്രണം ഏർപ്പെടുത്തിയത്. എന്നാൽ നിർദ്ദേശങ്ങളെല്ലാം കാറ്റിൽ പറത്തിക്കൊണ്ടാണ് ബോട്ടുകൾ അമിത വേഗതയിൽ പായുന്നത്.

​​​​--------

മത്സ്യബന്ധന ബോട്ടുകളുടെ യാത്ര അമിത വേഗത്തിൽ

വേഗത കുറയ്ക്കണമെന്ന ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശം പാലിക്കുന്നില്ല