അമൃതപുരി: അമൃത സ്‌കൂൾ ഒഫ് ആയുർവേദയുടെ ആഭിമുഖ്യത്തിൽ ഇന്നും നാളെയും സംഘടിപ്പിക്കുന്ന വന്ധ്യതാപ്രശ്‌നങ്ങളെക്കുറിച്ചുള്ള ദ്വിദിന ദേശീയ സെമിനാർ 'പ്രജ്ഞാനം" ഗവർണർ ജസ്റ്റിസ് പി. സദാശിവം ഉദ്ഘാടനം ചെയ്യും.
രാജ്യത്തെ നാൽപ്പത്തിൽപരം ആയുർവേദ സ്ഥാപനങ്ങളിൽ നിന്നായി 1200 ലധികം പ്രതിനിധികൾ പങ്കെടുക്കും.
സെമിനാറിനോടനുബന്ധിച്ച് രാസായനവിധി, വാജീകരണവിധി അദ്ധ്യായങ്ങളിൽ നിന്ന് തിരഞ്ഞെടുത്ത ശ്ലോകങ്ങൾ ഉൾപ്പെടുത്തി അഷ്ടാംഗഹൃദയ പാരായണ മത്സരവും ഉണ്ടായിരിക്കും. സെമിനാർ പ്രതിനിധികളുടെ ഗവേഷണ പ്രബന്ധാവതരണം, പോസ്റ്റർ പ്രസന്റേഷൻ തുടങ്ങിയവയും സെമിനാറിന്റെ ഭാഗമാണ്.
ഡൽഹിയിലെ അഖിലേന്ത്യാ ആയുർവേദ ഇൻസ്റ്റിറ്റ്യൂട്ട് ഡീൻ ഡോ. സുജാതാ കദം മുഖ്യപ്രഭാഷണം നടത്തും. ബംഗളൂരിലെ ആർ.എ.വി ഗുരു പണ്ഡിറ്റ് ക്ലിനിക്കിലെ ഡോ. എൽ. സുചരിത സ്ത്രീകളിലെ വന്ധ്യതയെക്കുറിച്ചും ആയുർവേദത്തിലെ നിദാന പഞ്ചകത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും വിശദീകരിക്കും.
ഗവ. ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ. എം.എ. അസ്മാബി, ഉഡുപ്പിയിലെ എസ്.ഡി.എം ആയുർവേദ കോളേജിലെ സൂപ്രണ്ട് ഡോ. കെ.വി. മമത, കൊച്ചി അമൃത മെഡിക്കൽ സ്‌കൂളിലെ അസിസ്റ്റന്റ് പ്രൊഫ. ഡോ. ജ്യോതി ആർ. പിള്ള തുടങ്ങിയവർ വന്ധ്യതയുടെ കാരണങ്ങളും പരിഹാരമാർഗ്ഗങ്ങളും ഇക്കാര്യത്തിൽ ആയുർവേദത്തിന്റെ പുരോഗതിയും പഠന സിദ്ധാന്തങ്ങളും വിശദീകരിക്കും. ആദ്യ വൈകിട്ട്, വന്ധ്യതാനിവാരണവും ആയുർവേദവും എന്ന വിഷയത്തിൽ നടക്കുന്ന ചർച്ചയിൽ ഡോ. സുന്ദരൻ, ഡോ. ബി. ശ്യാമള, ഡോ. വിജയകുമാർ, ഡോ. ഗായത്രി ഭട്ട് , ഡോ. എം.ആർ.വി നമ്പൂതിരി എന്നിവർ സദസ്യരുമായി സംവദിക്കും.
സെമിനാറിന്റെ രണ്ടാംദിനത്തിൽ ആയുർവേദ അമൃത സ്‌കൂൾ പ്രിൻസിപ്പൽ ഡോ. എം.ആർ.വി നമ്പൂതിരി മുഖ്യ പ്രഭാഷണം നടത്തും. തുടർന്ന് ഡോ. ബി.എസ്. പ്രസാദ് പുരുഷനമാരിലെ വന്ധ്യതയെക്കുറിച്ചുള്ള ആയുർവേദത്തിന്റെ കാഴ്ചപ്പാട് വിശദീകരിക്കും. പുരുഷവന്ധ്യതയുടെ വിവിധ വശങ്ങൾ ഉൾക്കൊള്ളിച്ച പ്രഭാഷണങ്ങളും ഉണ്ടായിരിക്കും. ഡോ. പ്രകാശ് മംഗലശ്ശേരി, ഡോ. കെ. പ്രമോദ്, ഡോ. രാജു ആർ. നായർ തുടങ്ങിയവർ സംസാരിക്കും.