കൊല്ലം: ദേശീയ ജൂനിയർ വനിതാ ഹോക്കി ചാമ്പ്യൻഷിപ്പിൽ നിന്ന് കേരളം പുറത്ത്. ക്വാർട്ടർ ഫൈനലിൽ അസം ഹോക്കി ഫെഡറേഷൻ 2-1 നാണ് കേരളത്തെ പരാജയപ്പെടുത്തിയത്. കേരളത്തിന് വേണ്ടി രേവതി ഐ. നായർ ആശ്വാസ ഗോൾ നേടി. അസമിന് വേണ്ടി മിൽഖ സുറിൻ, മാർട്ടീന ജാരിയ എന്നിവരാണ് ഗോൾ നേടിയത്.
ആദ്യ പകുതി അവസാനിക്കും വരെ ഇരു ടീമുകളും ഗോളുകൾ നേടിയിരുന്നില്ല. ആദ്യാവസാനം ആവേശം നിറഞ്ഞു നിന്ന മത്സരത്തിൽ ആക്രമണത്തിനൊപ്പം പ്രതിരോധം തീർക്കാനും ഇരുടീമുകളും ശ്രദ്ധിച്ചു. ഇരു ടീമുകളുടെയും പല ശ്രമങ്ങളും ഗോൾകീപ്പർമാരുടെയും ഡിഫൻഡർമാരുടെയും ചെറുത്ത് നില്പ് മൂലം വിഫലമാവുകയായിരുന്നു.
ആദ്യ പകുതി പിന്നിട്ട ശേഷം അസം ആക്രമണത്തിന്റെ മൂർച്ച കൂട്ടി. 33-ാം മിനിട്ടിൽ മിൽഖ സുരിൻ ആദ്യ ഗോൾ നേടി. ഇതോടെ കേരളം പ്രതിരോധത്തിലായി. ഈ അവസരം മുതലാക്കി 35-ാം മിനിറ്റിൽ മാർട്ടീന ജാരിയ അസമിനായി രണ്ടാം ഗോൾ നേടി. കേരളത്തിനു ലഭിച്ച പെനാൽറ്റി കോർണർ സോജാ ജയപ്രകാശ് ഗോളാക്കിയെങ്കിലും റഫറി ഫൗൾ വിധിച്ചു. ഇതാണ് മത്സരത്തിന്റെ ഫലം നിർണയിച്ചത്.
തുടർന്ന് പൊരുതിക്കളിച്ച കേരള ടീം പലപ്പോഴും ഷോട്ടുകൾ പായിച്ച് പ്രതീക്ഷ നൽകി. ഒടുവിൽ 55-ാം മിനിറ്റിൽ രേവതി ഐ. നായർ കേരളത്തിന്റെ ആശ്വാസ ഗോൾ നേടി. തുടർന്ന് അവസാന മിനിറ്റുകളിൽ കേരളം സമനിലയ്ക്കായി കിണഞ്ഞു ശ്രമിച്ചെങ്കിലും അസമിന്റെ പ്രതിരോധം തകർക്കാനായില്ല.