കൊല്ലം: വിവാഹം ഉറപ്പിച്ചശേഷം പ്രതിശ്രുത വധുവിന്റെ കുടുംബത്തിൽ നിന്ന് ആറ് ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്ന കേസിൽ മുണ്ടയ്‌ക്കൽ ടി.ആർ.എ- 94 ശ്രീവിലാസത്തിൽ സുജിത്തിനെ കൊല്ലം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. എം.ടെക് സോഫ്ട്‌വെയർ എൻജിനിയർ എന്ന നിലയിൽ മാട്രിമോണിയൽ സൈറ്റിൽ പരസ്യം നൽകിയാണ് തിരുവനന്തപുരം മേനംകുളം സ്വദേശിയായ യുവതിയുമായി സുജിത്ത് വിവാഹം ഉറപ്പിച്ചത്.
കഴിഞ്ഞവർഷം ജനുവരി 23ന് കഠിനംകുളത്തുവച്ചായിരുന്നു വിവാഹനിശ്ചയം. വിവാഹത്തീയതി അന്ന് കുറിച്ചിരുന്നില്ല. ഒന്നരപവന്റെ ബ്രെയ്‌സ്‌ലെറ്റ് യുവതി സുജിത്തിനെ അണിയിച്ചിരുന്നു. ഒക്ടോബർ 23ന് തൃശൂർ കളക്ടറേറ്റിൽ ഓഫീസ് അസിസ്‌റ്റന്റായി ജോലി ലഭിച്ചെന്ന് സുജിത്ത് യുവതിയെ അറിയിച്ചു. നിയമന ഉത്തരവും വാട്ട്സ് ആപ്പ് സന്ദേശമായി അയച്ചു. അതിനുശേഷമാണ് അമ്മയുടെ ചികിത്സയ്ക്കെന്ന പേരിൽ പണം വാങ്ങാൻ തുടങ്ങിയത്. അഞ്ച് തവണകളായി 5.99 ലക്ഷം രൂപ പെൺകുട്ടിയുടെ വീട്ടുകാരിൽനിന്ന് വാങ്ങി. താത്കാലിക ആവശ്യത്തിനെന്ന് പറഞ്ഞ് യുവതിയിൽ നിന്ന് വാങ്ങിയ ടാബും തിരികെ നൽകിയില്ല. യുവതിയുടെ വീട്ടുകാർ രഹസ്യമായി നടത്തിയ
അന്വേഷണത്തിൽ സുജിത്തിന് ജോലി ലഭിച്ചിട്ടില്ലെന്നും നിയമന ഉത്തരവ് വ്യാജമാണെന്നും മനസിലായി. ഇതോടെ വിവാഹത്തിന് താത്പര്യമില്ലെന്നും സ്വർണവും പണവും തിരികെ നൽകണമെന്നും ആവശ്യപ്പെട്ടു. പണം നൽകാതെ പലതവണ ഒഴിഞ്ഞുമാറിയതോടെയാണ് യുവതിയുടെ അമ്മ കഴിഞ്ഞദിവസം കൊല്ലം ഈസ്റ്റ് പൊലീസിൽ സുജിത്തിനെതിരെ പരാതി നൽകിയത്. വഞ്ചന, കബളിപ്പിക്കണമെന്ന ഉദ്ദേശ്യത്തോടെ തെറ്റായ വിവരങ്ങൾ നൽകൽ, വ്യാജ രേഖ ചമയ്‌ക്കൽ, വിവിധ ആശയവിനിമയ മാർഗങ്ങളിലൂടെ ഒരാളെ പിന്തുടർന്ന് നിരന്തരമായി ശല്യപ്പെടുത്തൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് സി.ഐ എസ്. മഞ്ജുലാലിന്റെ നേതൃത്വത്തിൽ സുജിത്തിനെ അറസ്റ്റ് ചെയ്തത്. സുജിത്തിന്റെ കുടുംബത്തിന് തട്ടിപ്പിൽ പങ്കില്ലെന്നാണ് പ്രാഥമിക അന്വേഷണത്തിൽ ബോദ്ധ്യമായതെന്ന് പൊലീസ് പറയുന്നു. യുവതിക്ക് ഏതെങ്കിലും തരത്തിൽ പണം നൽകിയതായി ചോദ്യം ചെയ്യലിൽ സുജിത്ത് പറഞ്ഞിട്ടുമില്ല.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പ്രതിയുടെ എം.ടെക് ബിരുദം വ്യാജമാണോ എന്നും പൊലീസ് അന്വേഷിച്ചു വരികയാണ്.