photo
ടി.എസ് കനാലിനോട് ചേർന്ന് നിർമ്മിച്ചിരിക്കുന്ന ചീപ്പ്.

കരുനാഗപ്പള്ളി: കാർഷിക മേഖലയുടെ പുരോഗതിക്കായി നടപ്പാക്കിയ പദ്ധതി കർഷകർക്ക് വിനയായി.

മൈനർ ഇറിഗേഷൻ വകുപ്പ് കായൽ തീരങ്ങളിൽ നിർമ്മിച്ച ചീപ്പുകളാണ് കൃഷിക്കു നാശമൊരുക്കുന്നത്. ചീപ്പുകളിലൂടെ കായലിൽ നിന്ന് ഉപ്പുവെള്ളം കൃഷിയിടങ്ങളിലേക്ക് കയറുന്നതാണ് പ്രശ്നം. പാടങ്ങളിലേക്ക് ശുദ്ധജലം കയറ്റാനും ഉപ്പ് വെള്ളം തടയാനുമാണ് ചീപ്പുകൾ നിർമ്മിച്ചത്. ഉൾപ്രദേശങ്ങളിലെ കൃഷിക്ക് വെള്ളം എത്തിക്കുന്ന നീർച്ചാലുകളിലാണ് ചീപ്പുകൾ. കരുനാഗപ്പള്ളി മുൻസിപ്പാലിറ്റിയിലും ക്ലാപ്പന ഗ്രാമപഞ്ചായത്തിലും നാലുവീതവും കുലശേഖരപുരം ഗ്രാമപഞ്ചായത്തിൽ മൂന്നും ചീപ്പുകളാണുള്ളത്. കായലിൽ ഉപ്പ് പെരുകുമ്പോൾ കൃഷിയിടങ്ങളിലേക്ക് ഉപ്പുവെള്ളം കയറുന്നത് തടയുന്നതിനാണ് ചീപ്പുകൾ ഉപയോഗിക്കുന്നത്. ഉപ്പുവെള്ളം കയറുന്ന സീസണിൽ ചീപ്പിന്റെ ഉൾവശം മണ്ണിട്ട് നികത്തിയ ശേഷം ഷട്ടർ ഉപയോഗിച്ച് ബലപ്പെടുത്തും. ഇതോടെ ഉപ്പുവെള്ളം കൃഷിയിടങ്ങളിലേക്ക് കയറില്ല. കായലിൽ ഉപ്പിന്റെ അംശം കുറയുമ്പോൾ ചീപ്പുകളെ ബന്ധിച്ചിരിക്കുന്ന ഷട്ടറും മണ്ണും നീക്കംചെയ്ത് വെള്ളം കൃഷിയിടങ്ങളിലേക്ക് കടത്തിവിടും. പക്ഷേ രണ്ട് വർഷമായി ബന്ധപ്പെട്ടവർ ചീപ്പുകൾ അടയ്ക്കാറില്ല. ഇപ്പോൾ വേലിയേറ്റ സമയങ്ങളിൽ കൃഷിയിടങ്ങളിലേക്ക് ഉപ്പുവെള്ളം ഇരച്ചുകയറുന്നു. ഇതുമൂലം ഇടവിള കൃഷിക്ക് വ്യാപകമായി നാശം സംഭവിക്കുന്നു. കനാലിൽ ഉപ്പുവെള്ളം കയറിത്തുടങ്ങിയതോടെ ഉൾപ്രദേശങ്ങളിലെ കിണറുകളിലെ വെള്ളത്തിന് ഉപ്പുരസം അനുഭവപ്പെട്ടുതുടങ്ങി. ഇത് കുടിവെള്ള ക്ഷാമം രൂക്ഷമാക്കുന്നു. ഉപ്പ് വെള്ളമുള്ള സീസണിൽ ചീപ്പുകളിൽ ഇടേണ്ട ഷട്ടറുകൾ ഇറിഗേഷൻ ഓഫീസുകളിൽ സൂക്ഷിച്ചിരിക്കുകയാണ്. മുൻ വർഷങ്ങളിൽ ഷട്ടർ ഇടുന്നതിനും ഇളക്കി മാറ്റുന്നതിനും ടെൻഡർ വിളിക്കുമായിരുന്നു. പരിഹാരം കാണണമെന്ന് കർഷകർ ആവശ്യപ്പെട്ടു.

​​​​------