kunnathoor
ദേശീയപാതയിൽ അപകടത്തിൽ തകർന്ന കാർ

കുന്നത്തൂർ:കൊല്ലം - തേനി ദേശീയ പാതയിൽ ഭരണിക്കാവിന് സമീപം പുന്നമൂട് ലക്ഷംവീട് ജംഗ്ഷനിൽ ബസ് ഇടിച്ചുകയറിയതിനെ തുടർന്ന് നിയന്ത്രണംവിട്ട കാർ വർക്ക്ഷോപ്പും മതിലും തകർത്തു.ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു അപകടം.അമിത വേഗതയിലെത്തിയ സ്വകാര്യ ബസ് കാറിന്റെ പിന്നിലിടിച്ചു കയറുകയായിരുന്നു. വർക്ക്ഷോപ്പുടമ അച്ചൻകുഞ്ഞ് തൊട്ടടുത്ത വീട്ടിലേക്ക് പോയ സമയത്തായിരുന്നു അപകടം..കൊല്ലത്ത് നിന്ന് ഭരണിക്കാവിലേക്ക് വരികയായിരുന്ന ലുലു എന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണംതെറ്റിയ കാർ സമീപത്തെ വർക്ക്ഷോപ്പും,മതിലും തകർത്ത് അടുത്ത പുരയിടത്തിൽ ചെന്നാണ് നിന്നത്.കാറോടിച്ച യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു.വർക്ക്ഷോപ്പിൽ ഉണ്ടായിരുന്ന സൈക്കിളുകളും കാറും പൂർണമായും തകർന്നു.ശാസ്താംകോട്ട പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.