കൊല്ലം: മുന്നാക്കക്കാരിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് പത്ത് ശതമാനം സംവരണം നടപ്പാക്കാനുള്ള തീരുമാനം ഭരണഘടനെ അട്ടിമറിക്കാനാണെന്ന് കേരളാ തണ്ടാൻ സർവീസ് സൊസൈറ്റി സംസ്ഥാന പ്രതിനിധി സമ്മേളനം ചൂണ്ടിക്കാട്ടി. സംവരണം പിന്നാക്ക, മുന്നാക്ക അന്തരം വീണ്ടും വർദ്ധിപ്പിക്കും. പട്ടികജാതി പട്ടികവർഗ്ഗ പീഡന നിരോധന നിയമം നിസാരവത്കരിച്ചുകൊണ്ടുള്ള സുപ്രീം കോടതിവിധി പുനഃപരിശോധിക്കണമെന്ന് സമ്മേളനം അവശ്യപെട്ടു.
നിയമസഭാ, പാർലമെന്റ് തിരഞ്ഞെടുപ്പുകളിൽ തണ്ടാൻ സമുദായത്തിന് പ്രാതിനിദ്ധ്യം ഉറപ്പുവരുത്തുക, അൺ എയ്ഡഡ് വിദ്യാഭാസ സ്ഥാപനങ്ങളിൽ സംവരണം നടപ്പാക്കുക, വിദ്യാഭാസ സ്ഥാപനങ്ങൾ തുടങ്ങുന്നതിന് തണ്ടാൻ സമുദായത്തിന് സൗജന്യ ഭൂമി നൽകുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് എം. ജനാർദ്ദനൻ സമ്മേളനം ഉദ്ഘടാനം ചെയ്തു. സംസ്ഥാന പ്രസിഡന്റായി ജനാർദ്ദനനെ വീണ്ടും തിരഞ്ഞെടുത്തു. കെ. ബാലൻ (വൈസ് പ്രസിഡന്റ്), പാച്ചല്ലൂർ ശ്രീനിവാസൻ , എൻ. സുരേന്ദ്രബാബു ( ജനറൽ സെക്രട്ടറിമാർ), എസ്. പുരുഷോത്തമൻ (ട്രഷറർ), രാഹുൽ ( ഓർഗനൈസിംഗ് സെക്രട്ടറി ) എന്നിവരാണ് മറ്റ് ഭാരവാഹികൾ. മഹിളാ സംഘടനയുടെ റിപ്പോർട്ടും കണക്കും ഷീല മദനൻ അവതരിപ്പിച്ചു. ഭാരവാഹികളായി രജിതാ മോഹനൻ (പ്രസിഡന്റ്), ഷീല മദനൻ ( സെക്രട്ടറി ) എന്നിവരെ തിരഞ്ഞെടുത്തു. പാച്ചല്ലൂർ ശ്രീനിവാസൻ, കെ. ബാലൻ, ബാഹുലേയൻ, യൂത്ത് മൂവ്മെന്റ് സെക്രട്ടറി അരുൺ എന്നിവർ സംസാരിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്ക് കാഷ് അവാർഡുകൾ നൽകി.