മാള: ജീവിതത്തിന് മധുരം പകരാൻ കടൽ കടന്നെത്തിയ അമൃത വള്ളിക്ക് നാട്ടിൽ പ്രചാരമേറുന്നു. പ്രമേഹത്തിന് പ്രകൃതിദത്തമായ പരിഹാരം എന്ന നിലയിലാണ് അമൃത വള്ളി അറിയപ്പെടുന്നത്. ടിനോസ്പോറ ക്രിസ്‌പാ എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന അമൃത വള്ളി ചിറ്റമൃതിന്റെ ഇനത്തിലുള്ളതാണ്. അമൃതവള്ളിയുടെ ഉത്ഭവം തായ്‌ലൻഡിലാണെന്നാണ് അറിവ്.
മലേഷ്യ, വിയറ്റ്നാം, ഫിലിപ്പൈൻസ്, സിംഗപ്പൂർ, ശ്രീലങ്ക, ഇന്തോനേഷ്യ, ഹോങ്കോംഗ്, ചൈന എന്നീ രാജ്യങ്ങളിലാണ് ഏറെ പ്രചാരമുള്ളത്. 2008ൽ തായ്‌ലൻഡ് സർവകലാശാല രണ്ട് പേർക്ക് അമൃതവള്ളിക്ക് പേറ്റന്റ് നൽകിയിട്ടുണ്ട്. അമൃതവള്ളിയെ കുറിച്ചുള്ള ബൃഹത്തായ പഠനമാണ് അന്ന് നടന്നത്. ട്രഡീഷണൽ കാട്ടുചെടിയായാണ് അമൃത വള്ളി അറിയപ്പെടുന്നത്. വള്ളിയായി പടർന്നു കയറുന്ന ഈ കാട്ടുചെടി സാധാരണ നിലയിൽ ഒരു വർഷത്തെ വളർച്ചയെത്തുമ്പോൾ വള്ളി മുറിച്ച് ഉപയോഗിക്കാം.
ടൈപ്പ് രണ്ട് പ്രമേഹം നിയന്ത്രിക്കാൻ കഴിയുമെന്നാണ് ഈ കാട്ടുചെടിയെ പൊതുവെ സ്വീകാര്യനാക്കിയത്. പ്രത്യേക പരിചരണം കൂടാതെ വളരെ പെട്ടെന്ന് വളർന്ന് പടരുന്ന ഈ കാട്ടുചെടി നാട്ടിൽ അപൂർവമായി കാണാം. പ്രമേഹ രോഗികൾ ഏറെയുള്ള സംസ്ഥാനത്ത് അമൃതവള്ളിയെ കുറിച്ച് കാര്യമായ അറിവില്ലെന്നതാണ് വസ്തുത. കഴിഞ്ഞ ദിവസം തൃശൂരിൽ നടന്ന വൈഗയിൽ അമൃതവള്ളി പ്രദർശിപ്പിച്ചിരുന്നു. പ്രമേഹമുള്ളവർ ദിവസത്തിൽ രണ്ട് നേരം ഉപയോഗിക്കണമെന്ന് അനുഭവസ്ഥർ സാക്ഷ്യപ്പെടുത്തുന്നു.
2009 ൽ പ്രമേഹം ഭക്ഷണത്തിന് മുൻപ് 350 ഉണ്ടായിരുന്ന പുത്തൻചിറ സ്വദേശി വെളുത്തേടത്ത് യൂസഫ് ആണ് മാള മേഖലയിൽ അമൃതവള്ളിയുടെ പ്രചാരകൻ. യാതൊരു മരുന്നും കഴിക്കാതെ അമൃതവള്ളി മാത്രം ഉപയോഗിച്ച് പ്രമേഹത്തിന്റെ അളവ് നൂറിൽ താഴെ വരെ എത്തിച്ചതായി യൂസഫ് പറഞ്ഞു. അമൃതവള്ളി ഒരിഞ്ച് നീളത്തിൽ എടുത്ത് ചതച്ച് ഒരു ഗ്ളാസ് പച്ചവെള്ളത്തിൽ രാത്രി ഇട്ടുവയ്ക്കും. എട്ട് മണിക്കൂർ കഴിയുമ്പോൾ രാവിലെ വെറും വയറ്റിൽ ആ വെള്ളം കുടിക്കും. വീണ്ടും ഒരെണ്ണം ഇട്ടുവയ്ക്കുന്നത് രാത്രിയിലും കഴിക്കുമായിരുന്നുവെന്ന് യൂസഫ് പറഞ്ഞു.
അമൃതവള്ളിയുടെ കേരളത്തിലെ പ്രചാരകനായ കണ്ണൂർ സുധാകരനിൽ നിന്നാണ് 2014 ൽ ചെറിയ വള്ളി വാങ്ങി നട്ടുപിടിപ്പിച്ചത്. ഇപ്പോൾ വീടിനോട് ചേർന്ന് നിരവധി ഇടങ്ങളിലാണ് ഈ കാട്ടുചെടി വളർന്നിരിക്കുന്നത്. അമൃതവള്ളി ഉപയോഗിക്കുമ്പോൾ ഇടയ്ക്കിടെ പരിശോധന നടത്തിയില്ലെങ്കിൽ പ്രമേഹം ക്രമാതീതമായി കുറഞ്ഞേക്കുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. അമൃതവള്ളിയുടെ ഗുണങ്ങൾ സംബന്ധിച്ച് ഇന്റർനെറ്റിൽ നിന്ന് നിരവധി വിവരങ്ങൾ ലഭിച്ചതോടെ നാട്ടിലാകെ ഈ ഔഷധച്ചെടി പ്രചരിക്കുന്നുണ്ട്.