waste-
ഐ. ആർ.ടി.സി ഉദ്യോഗസ്ഥർ പ്ളാൻ്റ് നിർമ്മാണത്തിനുളള സ്ഥലം പരിശോധിക്കുന്നു.

തൃശൂർ: മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കൽ കോളേജിൽ ജൈവ, അജൈവ മാലിന്യം സംസ്‌കരിക്കാവുന്ന 47 ലക്ഷം രൂപയുടെ പ്‌ളാന്റ് മാർച്ചിൽ പ്രവർത്തനം തുടങ്ങും. പ്ളാൻ്റ് പ്രവർത്തന സജ്ജമാകുന്നതോടെ വർഷങ്ങളായി കീറാമുട്ടിയായി കിടന്ന മാലിന്യപ്രശ്‌നത്തിന് പരിഹാരമാകും.
ഒരു ദിവസം രണ്ടര ടൺ ജൈവ മാലിന്യം ആണ് ആശുപത്രിയിൽ നിന്നും കാമ്പസിലെ അനുബന്ധ സ്ഥാപനങ്ങളിൽ നിന്നും ശേഖരിക്കപ്പെടുന്നത്. ഇത് ചകിരിച്ചോറും ബാക്ടീരിയയും ഉപയോഗിച്ചാണ് വളമാക്കി മാറ്റുന്നത്.
ഇതിന് 25 ദിവസം മതിയാകും. കുന്നംകുളം മുനിസിപ്പാലിറ്റിയിലും വടക്കൻ പറവൂരും ഈ പദ്ധതി വർഷങ്ങളായി നടപ്പാക്കുകയും ലാഭകരമായി ഇതിന്റെ കമ്പോസ്റ്റും സ്‌ളറിയും വിൽക്കുകയും ചെയ്യുന്നുണ്ട്. വളം മെഡിക്കൽ കോളേജിനടുത്തുള്ള തദേശ സ്ഥാപനങ്ങൾ വഴി കർഷകർക്ക് കുറഞ്ഞ നിരക്കിൽ നൽകാനും കഴിയും. പ്ളാൻ്റിൻ്റെ നിർമ്മാണം ആശുപത്രിക്കുള്ളിലെ എസ്.ടി.പി പ്‌ളാന്റിന് സമീപത്തെ 15 സെൻ്റ് സ്ഥലത്ത് പ്രവർത്തനം തുടങ്ങി. ഐ.ആർ.ടി.സി ആണ് നിർമ്മാണ ഏജൻസി. പ്ളാൻ്റിൻ്റെ പ്രവർത്തനം ലളിതവും ദുർഗന്ധമില്ലാത്തതുമാണെന്നാണ് ഐ.ആർ.ടി.സി അധികൃതർ പറഞ്ഞു. സർക്കാർ 50 ലക്ഷം രൂപ പ്ളാൻ്റിനായി അനുവദിച്ചിരുന്നു.

ടൺ കണക്കിന് മാലിന്യം മെഡിക്കൽ കോളേജിനകത്ത് കുത്തിയ കുഴിയിൽ നിക്ഷേപിക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്. ഇതിനെതിരെ പരിസരവാസികൾ പ്രതിഷേധം ഉയർത്തുന്നതിനിടെയാണ് പുതിയ പ്ളാൻ്റ് തയ്യാറാകുന്നത്.

 പ്ളാസ്റ്റിക്കും പൊടിക്കാം

50 മൈക്രോണിന് താഴെയുള്ള പ്‌ളാസ്റ്റിക് പൊടിക്കുന്നതിനുള്ള ഷ്രഡിംഗ് മെഷിനും പുനരുപയോഗത്തിന് പ്‌ളാസ്റ്റിക്കിന്റെ വലിപ്പം കുറയ്ക്കുന്ന ബെയ്‌ലിംഗ് മെഷിനും പ്ളാൻ്റിലുണ്ടാകും. സാനിറ്ററി നാപ്കിൻ, ബയോ മെഡിക്കൽ വേസ്റ്റ് ഒഴികെയുളള എല്ലാ പ്‌ളാസ്റ്റിക്കുകളും ശേഖരിക്കാനുള്ള ആയിരം ചതുരശ്ര അടിയുള്ള ഷെഡും ഇതോടൊപ്പം ഉണ്ടാകുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ബിജു കൃഷ്ണൻ, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ സുഭാഷ് ചന്ദ്രബോസ് എന്നിവർ അറിയിച്ചു. ഹരിതകേരളം മിഷന്റെ സമ്പൂർണ്ണ മാലിന്യ സംസ്‌കരണ പദ്ധതിയിൽ ഉൾപ്പെടിത്തിയാണ് ഇത് നടപ്പാക്കുന്നത്. ജില്ലയിലെ മറ്റ് ഗവ. ആശുപത്രികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മാലിന്യ സംസ്‌കരണ പദ്ധതികൾ നടപ്പാക്കാൻ ഹരിതകേരളം ജില്ലാ മിഷൻ നടപടികൾ തുടങ്ങിയിട്ടുണ്ടെന്ന് ഹരിതകേരളം മിഷൻ കോ- ഒാർഡിനേറ്റർ പി.എസ്. ജയകുമാർ പറഞ്ഞു.

 പൊടിച്ച പ്‌ളാസ്റ്റിക്കും ഇ വേസ്റ്റും മറ്റു അജൈവമാലിന്യങ്ങളും ഗവ. അംഗീകാരമുളള ക്‌ളീൻ കേരള കമ്പനിക്ക് കൈമാറും. പ്‌ളാന്റിന്റെ പരിസരം പൂന്തോട്ടം നിർമ്മിച്ച് ഹരിതാഭമാക്കും.

- ഡോ. എം. എ. ആൻഡ്രൂസ് (പ്രിൻസിപ്പൽ, ഗവ. മെഡിക്കൽ കോളേജ്)