തൃശൂർ: തുല്യതയ്ക്കും, സ്ത്രീ സ്വാതന്ത്ര്യത്തിനും നവോത്ഥാന മൂല്യങ്ങളുടെ സംരക്ഷണത്തിനുമായി വനിതകൾ ഒന്നിച്ചപ്പോൾ ഉയർന്നത് വൻമതിൽ. വൈകിട്ട് നാലിനായിരുന്നു വനിതാ മതിൽ പ്രഖ്യാപിച്ചിരുന്നതെങ്കിലും രാവിലെ തന്നെ തൃശൂർ നഗരത്തിലും മറ്റ് പ്രധാന കേന്ദ്രങ്ങളിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഉച്ചയോടെ മതിലിൽ പങ്കെടുക്കാനുള്ള വനിതകളുടെ ഒഴുക്കും തുടങ്ങി. കൃത്യം നാലിന് കൈ മുന്നിലേക്ക് നിവർത്തി വനിതകൾ പ്രതിജ്ഞയെടുത്തു. തൃശൂർ കോർപറേഷന് മുന്നിൽ മേയർ അജിത വിജയൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ലളിത ലെനിൻ, ട്രാൻസ് വിമൻ വിജയരാജമല്ലിക, ഷീബ അമീർ, ലിസി, റോസി തമ്പി തുടങ്ങിയവർ തൃശൂരിൽ മതിലിന്റെ ഭാഗമായി. സംവിധായിക ശ്രുതി നമ്പൂതിരിക്കൊപ്പം 80 വയസുള്ള മുത്തശ്ശിയും മതിലിൽ അണിചേർന്നു.

സാഹിത്യ അക്കാഡമി സെക്രട്ടറി ഡോ. കെ.പി. മോഹനൻ, ലളിതകലാ അക്കാഡമി സെക്രട്ടറി പൊന്ന്യം ചന്ദ്രൻ, സെക്രട്ടറി എൻ. രാധാകൃഷ്ണൻ നായർ, പെരുവനം കുട്ടൻമാരാർ, പെരുവനം സതീശൻ മാരാർ, മുൻ മന്ത്രി കെ.പി. രാജേന്ദ്രൻ, സി.പി.എം ജില്ലാ സെക്രട്ടറി എം.എം. വർഗീസ്, സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ്, പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സെക്രട്ടറി അശോകൻ ചെരുവിൽ, ഷീബ അമീർ, നടി രമാദേവി, ടി.ഡി. രാമകൃഷ്ണൻ, സുനിൽ സുഖദ, കെ.വി. അശോകൻ, കെ.വി. ബേബി, വി.ജി. തമ്പി, ഹരിനാരായണൻ, റീബ പോൾ, കെ.വി. രാമകൃഷ്ണൻ, ഡോ. ഡി. ഷീല, രാവുണ്ണി, ഡോ. എൻ. ആർ. ഗ്രാമപ്രകാശ്, എൻ. രാജൻ, എങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, അഡ്വ. ഇ. രാജൻ, വിനയ് ലാൽ, പി.ജെ. ആന്റണി തുടങ്ങിയവർ തൃശൂരിൽ വനിതാമതിലിനെത്തി.