തൃശൂർ: നദീ സംരക്ഷണത്തിന്റെ ആവശ്യകത ജനങ്ങളിലെത്തിക്കാൻ 5, 6 തീയതികളിൽ ദീർഘദൂര കയാക്കിംഗ് നടക്കും. 'മുസിരിസ് പാഡിൽ - 19'എന്ന കയാക്കിംഗ് യാത്രയുടെ ഭാഗമായി മുസിരിസ് മേഖലയിൽ നിന്ന് ബിനാലെ മേഖലയിലേക്ക് തുഴഞ്ഞെത്താം. കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ജെല്ലി ഫിഷ് വാട്ടർ സ്‌പോർട്‌സ് ക്ലബ്ബും മുസിരിസ് ഹെറിറ്റേജ് പ്രോജക്ട് ലിമിറ്റഡുമാണ് മുസിരിസ് പാഡിലിന്റെ സംഘാടകർ.
അഞ്ചിന് രാവിലെ ഏഴിന് കൊടുങ്ങല്ലൂരിന് സമീപമുള്ള കോട്ടപ്പുറം ബോട്ട് ജെട്ടിയിൽ യാത്രയ്ക്ക് തുടക്കമാകും. പിറ്റേന്ന് വൈകിട്ട് ബോൾഗാട്ടിയിൽ യാത്ര സമാപിക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വിദേശത്തു നിന്നുമായി 150 ഓളം ആളുകൾ പരിപാടിയിൽ പങ്കെടുക്കുമെന്ന് മുസിരിസ് ഹെറിറ്റേജ് പ്രോജക്റ്റ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടർ പി.എം. നൗഷാദ് പറഞ്ഞു.
പല തരം കയാക്കുകളിലൂടെ സാഹസികമായി നടത്തുന്ന ബോധവത്കരണ യാത്ര രണ്ടാം തവണയാണ് നടത്തുന്നത്. കയാക്കിംഗ് യാത്രയുടെ ഭാഗമായി സഞ്ചാരികൾ പുഴയിൽ നിന്നും മാലിന്യം ശേഖരിക്കും. വിവിധ തരം ജല കായിക വിനോദങ്ങളും കുട്ടികൾക്ക് പരിചയപ്പെടുത്തും. വാട്ടർ സ്‌പോർട്‌സ് രംഗത്ത് വിദഗ്ദ്ധരായ ഗൈഡുകളും പ്രഫഷനലുകളും അടങ്ങുന്ന ടീമാണ് യാത്ര നിയന്ത്രിക്കുന്നത്. യാത്രാ സംഘത്തോടൊപ്പം ഒരു പാരാമെഡിക്കൽ ടീമും ഉണ്ടാവും. യാത്രയിൽ പങ്കെടുക്കുന്നവരെ ഓൺലൈൻ ട്രാക്കിംഗ് സംവിധാനത്തിലൂടെ നിരീക്ഷിക്കും. പങ്കെടുക്കുന്നവർ 9400893112 എന്ന നമ്പറിൽ ബന്ധപ്പെടണം.