ചേർപ്പ്: ചൊവ്വൂരിൽ മരക്കമ്പനിയിൽ വൻ അഗ്‌നിബാധ. ഇന്നലെ പുലർച്ചെ ചൊവ്വൂർ സെന്റ് ആന്റണീസ് കപ്പോളയ്ക്ക് സമീപമുള്ള ചൊവ്വൂർ എലുവത്തിങ്കൽ ആന്റണിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയിലാണ് അഗ്‌നിബാധയുണ്ടായത്. മരക്കമ്പനിയിൽ ഉണ്ടായിരുന്ന ഫർണിച്ചർ നിർമ്മാണത്തിനുള്ള മരഉരുപ്പടികളും യന്ത്രങ്ങളും പൂർണമായും കത്തിനശിച്ചു.

മരകമ്പനിയിൽ നിന്ന് തീ ഉയരുന്നത് കണ്ട് സമീപവാസികളാണ് ഫയർഫോഴ്‌സിനെ വിവരം മറിയിച്ചത്. തൃശൂർ ഫയര്‍‌ സ്റ്റേഷൻ ആഫീസർ എ.എൽ. ലാസറിന്റെ നേതൃത്വത്തിൽ പുതുക്കാട്, ഇരിങ്ങാലക്കുട എന്നിവിടങ്ങളിൽ നിന്ന് ഫയർഫോഴ്‌സ് എത്തിയാണ് തീ അണച്ചത്. വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് അഗ്‌നിബാധയ്ക്ക് കാരണമെന്ന് പ്രാഥമിക നിഗമനം.

മരക്കമ്പനിയുടെ സമീപത്തായി കൂട്ടിയിട്ടിരുന്ന തേക്ക്, ഈട്ടി അടക്കമുള്ള മരങ്ങളിലേക്ക് തീ പടരാത്തതിനാൽ വൻ നാശനഷ്ടം ഒഴിവായി.