എരുമപ്പെട്ടി: കടങ്ങോടിന്റെ സ്വന്തം കർഷകൻ പത്മനാഭന് വീണ്ടും അംഗീകാരം. കാർഷിക വൃത്തിയിലുള്ള സ്വയം സമർപ്പണത്തിന് സംസ്ഥാന സർക്കാർ ഉപഹാരം നൽകി ആദരിച്ചു. കാർഷിക മേഖലയിൽ നൂതന പരീക്ഷണങ്ങൾ നടത്തി കൃഷിയെ പരിപോഷിപ്പിക്കുന്നവർക്ക് സംസ്ഥാന സർക്കാർ നൽകുന്ന മികച്ച കർഷക അവാർഡാണ് കടങ്ങോട് വടക്കേക്കര വീട്ടിൽ പത്മനാഭന് ലഭിച്ചത്. തൃശൂരിൽ നടന്ന വൈഗ കാർഷിക മേളയിൽ മന്ത്രിമാരായ വി.എസ്. സുനിൽകുമാർ, തോമസ് ഐസക്ക് എന്നിവർ ചേർന്നാണ് പുരസ്കാരം കൈമാറിയത്.
കാർഷിക മേഖലയിൽ ഇരുപത് വർഷത്തെ പരിജ്ഞാനമുള്ള പത്മനാഭന് ഇതിന് മുമ്പും കർഷക ശ്രീ, ആത്മ ഉൾപ്പടെയുള്ള നിരവധി അവാർഡുകളും അംഗീകാരവും ലഭിച്ചിട്ടുണ്ട്. വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തിന്റെ മികച്ച കർഷകനുള്ള അവാർഡും കരസ്ഥമാക്കിയിട്ടുണ്ട്. കാർഷിക മേഖലയിൽ നടത്തുന്ന പരീക്ഷണങ്ങളാണ് പത്മനാഭനെ വ്യത്യസ്തനാക്കുന്നത്. പത്മനാഭന്റെ പുതിയ കൃഷിരീതികളെ കുറിച്ച് പഠിക്കാൻ കാർഷിക സർവകലാശാലയിൽ നിന്ന് ഗവേഷണ വിദ്യാർത്ഥികളും എത്താറുണ്ട്.
വാഴ, ചേന, പച്ചമുളക്, വിവിധ പച്ചക്കറികൾ, കവുങ്ങ്, തെങ്ങ്, കുരുമുളക് തുടങ്ങിയ കൃഷികൾക്ക് പുറമെ ഫല വൃക്ഷങ്ങളിലും പത്മനാഭൻ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്. 30 സെന്റ് സ്ഥലത്ത് 180 പ്ലാവുകളും, 20 സെന്റ് സ്ഥലത്ത് 40 മാവുകളും വച്ച് പിടിപ്പിച്ചിട്ടുണ്ട്. ഒരു കുഴിയിൽ രണ്ട് വാഴയെന്ന പരീക്ഷണവും വിജയമായി എന്ന് പത്മനാഭൻ പറയുന്നു. ജലസേചനത്തിനായി കൃഷിയിടങ്ങളിൽ കുളം നിർമ്മിച്ച് ഇതിൽ മത്സ്യക്കൃഷിയും ചെയ്യുന്നുണ്ട്. സ്വന്തം കൃഷിക്ക് പുറമെ സഹായം ആവശ്യപ്പെടുന്നവർക്ക് പുതിയ കൃഷിരീതികൾ പരിചയപ്പെടുത്താനും പ്രാവർത്തികമാക്കാനും പത്മനാഭൻ സഹായിക്കുന്നുണ്ട്. ഭൂപ്രകൃതിക്കും കാലാവസ്ഥയ്ക്കും അനുസൃതമായി മണ്ണറിഞ്ഞ് കൃഷിയിറക്കുന്നതിനാൽ പത്മനാഭന് കാർഷിക വൃത്തി നേട്ടങ്ങൾ മാത്രമാണ് സമ്മാനിച്ചിട്ടുള്ളത്.