കയ്പ്പമംഗലം: വിശ്വാസം സംരക്ഷിക്കുക വർഗീയത ചെറുക്കുക എന്നീ മുദ്രാവാക്യവുമായി കോൺഗ്രസ് പെരിഞ്ഞനം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഗാന്ധി സ്മൃതി പദയാത്രയുടെ സമാപന സമ്മേളനം പെരിഞ്ഞനം സെന്ററിൽ ഡി.സി.സി വൈസ് പ്രസിഡന്റ് ജോസ് വള്ളൂർ ഉദ്ഘാടനം ചെയ്തു. ഡി.സി.സി സെക്രട്ടറി കെ.എഫ്. ഡൊമനിക് മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് കെ.സി. പ്രദോഷ് കുമാർ അദ്ധ്യക്ഷനായി. ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് സുധാകരൻ മണപ്പാട്ട്, മത്സ്യത്തൊഴിലാളി കോൺഗ്രസ് നേതാക്കളായ ടി.കെ.ബി. രാജ്, മണി കാവുങ്ങൽ, കെ.എസ്.യു ജില്ലാ സെക്രട്ടറി വി.എസ്. ജിനേഷ്, കെ.എസ്. പങ്കജാക്ഷൻ, സി.പി. ഉല്ലാസ്, ഗീത മാധവൻ, മീന സുരേഷ്, പി.യു. ഗോപിനാഥൻ, ആര്യമാവ് എന്നിവർ സംസാരിച്ചു.
ഇതിനിടെ ഗാന്ധിസ്മൃതി പദയാത്രയുടെ സമാപന സമ്മേളനം ഐ ഗ്രൂപ്പിന്റെ സമ്മേളനമാക്കിയെന്നാരോപിച്ച് എ ഗ്രൂപ്പ് സമാപനത്തിൽ നിന്നു വിട്ടു നിന്നു. നേരത്തെ പെരിഞ്ഞനം മണ്ഡലം കമ്മിറ്റി യോഗത്തിൽ കെ.പി.സി.സി അംഗവും മുൻ ജില്ല സഹകരണ ബാങ്ക് പ്രസിഡന്റുമായ അബ്ദുൾ സലാമിനെ കൊണ്ട് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യിക്കാനായിരുന്നു തീരുമാനിച്ചത്. എന്നാൽ ഇതിന് വിരുദ്ധമായി ഐ ഗ്രൂപ്പ് മതിലകത്ത് പ്രമുഖ നേതാവിന്റെ സാന്നിദ്ധ്യത്തിൽ രഹസ്യമായി ഗ്രൂപ്പ് യോഗം ചേരുകയും ഡി.സി.സി വൈസ് പ്രസിഡന്റ് ജോസ് വള്ളൂരിനെ സമാപന സമ്മേളത്തിൽ ഉദ്ഘാടകനാക്കാൻ തീരുമാനിച്ചുവെന്ന് അരോപണം ഉയർന്നു.
ഇതോടെ നിർജീവമായി കിടന്നിരുന്ന പെരിഞ്ഞനത്തെ കോൺഗ്രസ് ഗ്രൂപ്പ് പോര് ശക്തമായി. പരിഹാരമെന്നോണം മറ്റൊരു ഡി.സി.സി സെക്രട്ടറിയുടെ നേതൃത്വത്തിൽ എല്ലാ ഗ്രൂപ്പുകാരുടെയും മണ്ഡലം കമ്മിറ്റി യോഗം വിളിച്ചു പ്രശ്‌നം തീർക്കാൻ ശ്രമിച്ചങ്കിലും ബഹളമായതോടെ എ ഗ്രൂപ്പ് ഇറങ്ങിപോകുകയാണ്ടായത്.