തൃശൂർ: വനിതാമതിൽ ഗിന്നസ് റെക്കാഡിൽ ഉൾപ്പെടുത്തുന്നതിനായി ഗിന്നസ് അധികൃതർ ജില്ലയിൽ നിരീക്ഷണം നടത്തി. കൊൽക്കത്ത ആസ്ഥാാനമായുള്ള യൂണിവേഴ്‌സൽ റെക്കാഡ് ഫോറത്തിന്റെ ജില്ലാ ചുമതലക്കാരൻ ഗിന്നസ് സത്താർ ആദൂരിന്റെ നേതൃത്വത്തിലാണ് ജില്ലയിൽ നൂറോളം കോ- ഓർഡിനേറ്റർമാർ കണക്കെടുത്തത്. ഓരോ അഞ്ചുകിലോമീറ്റർ ഇടവിട്ട് അഞ്ചുപേർക്ക് വീതം ചുമതല നൽകി. ഇവർ വീഡിയോയിൽ ദൃശ്യങ്ങൾ പകർത്തി. എല്ലാ ജില്ലകളിലും യൂണിവേഴ്‌സൽ റെക്കാഡ് ഫോറത്തിന്റെ കോ- ഓർഡിനേറ്റർമാർക്ക് ചുമതലയുണ്ട്. ഇവർ രേഖകൾ കൈമാറും. ഇതനുസരിച്ചായിരിക്കും ഗിന്നസിൽ ഇടം നേടിയതായി ഔദ്യോഗിക പ്രഖ്യാപനം നടത്തുക. ആദ്യം യു.ആർ.എഫ് വേൾഡ് റെക്കാഡ്, അമേരിക്കൻ ബുക്ക് ഒഫ് റെക്കോഡ്, കാലിഫോർണിയ ബുക്ക് ഒഫ് റെക്കാഡ്, സ്പാനിഷ് ബുക്ക് ഒഫ് റെക്കാഡ് എന്നിവിടങ്ങളിലും ഇടംപിടിക്കും.