uparodham
ശബരിമല കർമ്മസമിതിയുടെ നേതൃത്വത്തിൽ മാളയിൽ റോഡ് ഉപരോധിക്കുന്നു

മാള: ശബരിമലയിൽ യുവതികളെ പ്രവേശിപ്പിച്ചതിൽ പ്രതിഷേധിച്ച് ശബരിമല കർമ്മസമിതിയുടെ നേതൃത്വത്തിൽ മാളയിൽ റോഡ് ഉപരോധിച്ചു. കർമ്മ സമിതിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തിയ പ്രവർത്തകരും നേതാക്കളും മാള ബസ് സ്റ്റാൻഡിന് മുന്നിൽ റോഡ് ഉപരോധിച്ചു. സ്ത്രീകൾ അടക്കമുള്ളവർ റോഡിൽ കുത്തിയിരുന്ന് അര മണിക്കൂറോളം ഗതാഗതം തടസപ്പെടുത്തി.

റോഡ് ഉപരോധിച്ച പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കാൻ മാള സി.ഐയുടെ നേതൃത്വത്തിൽ പൊലീസ് ശ്രമിച്ചെങ്കിലും പിരിഞ്ഞുപോകുമെന്ന ഉറപ്പിൽ ഉപേക്ഷിക്കുകയായിരുന്നു.തുടർന്ന് കൂടുതൽ പ്രവർത്തകരെത്തി വീണ്ടും പ്രകടനം നടത്തി. മുഖ്യമന്ത്രിയെയും സി.പി.എമ്മിനെയും കടുത്ത ഭാഷയിൽ ആക്ഷേപിച്ചാണ് പ്രവർത്തകർ മുദ്രാവാക്യം ഉയർത്തിയത്. തുടർന്ന് മാള ടൗണിൽ റോഡിൽ കുത്തിയിരുന്ന് പൊതുയോഗം സംഘടിപ്പിച്ച ശേഷം പിരിഞ്ഞുപോയി. പ്രകടനത്തിന് ആർ.എസ്.എസ് നേതാവ് വി.ഡി അംബുജാക്ഷൻ, എ.എസ് ജയൻ, എ.ആർ അനിൽ കുമാർ, കെ.കെ രാമു, പി.എൻ അശോകൻ, കെ.എസ് പ്രിയദർശൻ, സി.എം സദാശിവൻ എന്നിവർ നേതൃത്വം നൽകി.....