അന്തിക്കാട്: കേരളത്തിന്റെ ജൈവകാർഷിക മേഖലയിൽ മനുഷ്യന്റെ മുടിയിൽ നിന്നും വളം ഉത്പാദിപ്പിക്കാനുള്ള ടെക്നോളജി എത്തി. കാർഷിക സർവകലാശാലയുടെ ഈ കണ്ടുപിടുത്തം വിപ്ലവം സൃഷ്ടിക്കുമെന്ന് കൃഷി മന്ത്രി വി.എസ് സുനിൽ കുമാർ പറഞ്ഞു. മുടിയിൽ നിന്ന് നൈട്രജൻ കണ്ടന്റ് കൂടുതൽ അടങ്ങിയിട്ടുള്ള ലിക്വിഡ് ഫോമിലുള്ള ഏറ്റവും നല്ല വളം ഉദ്പാദിപ്പിക്കാൻ കഴിയുന്ന ടെക്നോളജിയാണ് കാർഷിക സർവകലാശാല സ്വായത്തമാക്കിയതെന്ന് കൃഷി മന്ത്രി വി.എസ്. സുനിൽ കുമാർ പറഞ്ഞു.
തിരുവനന്തപുരം വെള്ളായണി കാർഷിക കോളേജിലെ അവസാന വർഷ വിദ്യാർത്ഥികൾ സംഘടിപ്പിച്ച ഗ്രാമീണ കാർഷിക പ്രവൃത്തി പരിചയ പരിപാടി നിറവ് - 2018 ഭാഗമായി സംഘടിപ്പിച്ച ഗ്രാമീണ കാർഷിക സഹവാസ പരിപാടിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ലിക്വിഡ് ഫോമിലുള്ള വളം ഉണ്ടാക്കാനുള്ള ജോലികൾ ചെറുപ്പക്കാർക്ക് ആരംഭിക്കാനാകും. കൃഷിക്കാർക്ക് ഇത് ഗുണം ചെയ്യും. ഇത്തരത്തിലുള്ള പല ഗവേഷണങ്ങളും കാർഷിക സർവകലാശാല നടത്തിക്കൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. പ്രളയാനന്തരം കൃഷി നാശം മൂലം കഷ്ടത അനുഭവിക്കുന്ന കർഷകരെ സഹായിക്കുവാനും , കോൾ നിലങ്ങളിലെ തനതായ കൃഷി രീതികളും അനുബന്ധ കാർഷിക സംസ്കൃതിയും നേരിട്ട് കണ്ട് പഠിക്കാനും കൂടിയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഗീത ഗോപി എം എൽ എ, ചലച്ചിത്ര സംവിധായകൻ സത്യൻ അന്തിക്കാട്, അന്തിക്കാട് പഞ്ചായത്ത് പ്രസിഡന്റ് എ.വി ശ്രീവത്സൻ, താന്ന്യം പഞ്ചായത്ത് പ്രസിഡന്റ് രാധാകൃഷ്ണൻ, ഗ്രാമീണ കാർഷിക സഹവാസ പരിപാടി കോ-ഓർഡിനേറ്റർ ഡോ. അലൻ തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.....