തൃശൂർ: ശബരിമലയെ തകർക്കാൻ ശ്രമിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ഗുണ്ടയെപ്പോലെയാണ് പെരുമാറുന്നതെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ രാധാകൃഷ്ണൻ ആരോപിച്ചു. ശബരിമല കർമ്മസമിതി നടത്തുന്ന പ്രക്ഷോഭങ്ങളിൽ ബി.ജെ.പി പങ്കെടുക്കുകയും സമരങ്ങളെ പിന്തുണക്കുകയും ചെയ്യും. ക്രിമിനൽ മനസാണ് പിണറായിക്കുള്ളത്.

നവോത്ഥാനത്തിന്റെ പേരിൽ സി.പി.എം നടത്തുന്നത് ഗുണ്ടായിസമാണ്. വാശിയോടെ ശബരിമലയെ തകർക്കാനുള്ള പരിശ്രമത്തിലാണ് അവർ. സി.പി.എം കാറ്റ് വിതച്ച് കൊടുങ്കാറ്റ് കൊയ്യുകയാണ്. ഇത്രയും ഭീരുവായ മുഖ്യമന്ത്രി കേരളത്തിന്റെ ചരിത്രത്തിലുണ്ടായിട്ടില്ല. പൊലീസുകാരുടെ നടുവിൽ നിന്ന് പോരിന് വിളിക്കുകയാണ് മുഖ്യമന്ത്രി. ഒരു മണിക്കൂർ പോലും ആ പദവിയിൽ തുടരാൻ പിണറായിക്ക് അർഹതയില്ല. വനിതാ മതിലിൽ പങ്കെടുത്ത അയ്യപ്പഭക്തരെ സി.പി.എമ്മും സർക്കാരും വഞ്ചിച്ചു.
ആചാര ലംഘനത്തിന് നേതൃത്വം നൽകിയ കോട്ടയം എസ്.പി. ഹരിശങ്കർ, പിണറായിയുടെ ബിനാമിയാണ്. കോടികളുടെ ആസ്തിയാണ് എസ്.പിയുടെ ഭാര്യയുടെ പേരിലുള്ളത്. ഇതേക്കുറിച്ച് അന്വേഷണം വേണം. ബി.ജെ.പി കേരളത്തിൽ അധികാരത്തിൽ വന്നാൽ ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ എ.കെ.ജി സെന്റർ പൂട്ടിക്കുമെന്നും അനധികൃതമായി കൈയേറിയ ഭൂമിയിലാണ് പാർട്ടി ഓഫീസ് പ്രവർത്തിക്കുന്നതെന്നും എ.എൻ രാധാകൃഷ്ണൻ പറഞ്ഞു. ജില്ലാ പ്രസിഡന്റ് എ.നാഗേഷും പത്രസമ്മേളനത്തിൽ പങ്കെടുത്തു.