തൃശൂർ: ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ചതിനെ തുടർന്ന് ജില്ലയിൽ വ്യാപക പ്രതിഷേധം. മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയ മന്ത്രി കടകംപള്ളി സുരേന്ദ്രനെ ഗുരുവായൂരിൽ ബി.ജെ.പി. യുവമോർച്ച പ്രവർത്തകർ കരിങ്കൊടി കാട്ടി. സംഘപരിവാർ സംഘടനകൾ, ശബരിമല കർമ്മസമിതി, ഭക്തർ എന്നിവരുടെ നേതൃത്വത്തിൽ ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ നടത്തിയ പ്രകടനങ്ങൾക്കിടയിൽ സംഘർഷമുണ്ടായി. കല്ലേറിൽ ഗുരുവായൂർ സി.ഐ പ്രേമാനന്ദന്റെ തലയ്ക്ക് ഗുരുതര പരിക്കേറ്റു. തൃശൂർ സ്വരാജ് റൗണ്ടിൽ പ്രകടനത്തിനിടെ പൊലീസിന്റെ കാമറ തല്ലിത്തകർത്തു. ഇരിങ്ങാലക്കുടയിലും തൃശൂർ നഗരത്തിലും വനിതാ മതിലുമായി ബന്ധപ്പെട്ട് സ്ഥാപിച്ച ഫ്ളക്സുകളും ബാനറുകളും ബാരിക്കേഡുകളും പ്രതിഷേധക്കാർ തകർത്തു. കൊടുങ്ങല്ലൂർ, ഗുരുവായൂർ, ഇരിങ്ങാലക്കുട, തൃപ്രയാർ, വടക്കാഞ്ചേരി, ചെറുതുരുത്തി, കുന്നംകുളം എന്നിവിടങ്ങളിൽ പ്രതിഷേധക്കാർ കടകൾ അടപ്പിച്ചു. ബസുകളും മറ്റ് വാഹനങ്ങളും തടഞ്ഞു. മിക്കയിടത്തും ഹർത്താലിന് സമാനമായ അവസ്ഥയായിരുന്നു. ഗുരുവായൂരിൽ മന്ത്രി കടകംപള്ളി സുരേന്ദ്രന് നേരെ കരിങ്കൊടി കാണിച്ച സ്ത്രീകൾ ഉൾപ്പെടെയുള്ള പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു.