ചാവക്കാട്: ചാവക്കാട് ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ വരുന്ന കടപ്പുറം, വടക്കേക്കാട് സാമൂഹികാരോഗ്യ കേന്ദ്രങ്ങളിൽ ആവശ്യമായ സൗകര്യങ്ങൾ അടിയന്തരമായി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് ബോർഡിലെ തീരുമാനപ്രകാരം മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും നിവേദനം നൽകി.
ആവശ്യമായ ഡോക്ടർമാരെ നിയമിക്കണമെന്നും അടിസ്ഥാന സൗകര്യം അനുവദിക്കണമെന്നുമാണ് നിവേദനത്തിൽ പറയുന്നത്. ഡോക്ടർമാരും അടിസ്ഥാന സൗകര്യങ്ങളും ഇല്ലാത്തതിന്റെ പേരിൽ സി.എച്ച്.സികളിൽ വരുന്ന രോഗികൾ വളരെ ബുദ്ധിമുട്ടുകയാണെന്നും യോഗം വിലയിരുത്തി.
സി.എച്ച്.സി മാനദണ്ഡപ്രകാരമുള്ള സൗകര്യങ്ങൾ ഉണ്ടെങ്കിൽ മാത്രമേ ആശുപത്രിയിൽ കിടത്തിച്ചികിത്സ ആരംഭിക്കാനാകൂ. പ്രൈമറി ഹെൽത്ത് സെന്റർ 2018ൽ പി.എച്ച്.സിയായി ഉയർത്തിയെങ്കിലും ആവശ്യമായ ഒരു സംവിധാനവും ഇതുവരെ ആരോഗ്യ വകുപ്പ് ചെയ്തിട്ടില്ല. രണ്ട് സിഎച്ച്‌സി കളിലും ഒഴിവ് വന്നിട്ടുള്ള എല്ലാ തസ്തികകളിലും ഉദ്യാഗസ്ഥരെ ഉടൻ നിയമിക്കണമെന്നും നിവേദനത്തിലുണ്ട്.
രണ്ടു സി.എച്ച്.സികളിലും പ്രവർത്തിക്കുന്നവർ ജോലിഭാരം കൊണ്ട് ജീവനക്കാർ ബുദ്ധിമുട്ടുകയാണ്. ഇതിനെല്ലാം പരിഹാരം കാണുന്നതിന് ആരോഗ്യ വകുപ്പിന്റെ ശ്രദ്ധ അടിയന്തരമായി ഉണ്ടാകണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു. യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.എ. അബൂബക്കർ ഹാജി ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് ധന്യ ഗിരീഷ് അദ്ധ്യക്ഷയായി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ സി. മുസ്താഖലി, എ. സഫൂറ, ഷാജിത ഹംസ, മെമ്പർമാരായ വി. സുബൈദ, ആലത്തയിൽ മൂസ, ജസീറ, എം.വി. ഹൈദരാലി, ടി.സി. ചന്ദ്രൻ നസീമ, ഉമ്മർ മുക്കണ്ടത്ത്, ഷമീറ, സെക്രട്ടറി കെ.എം. വിനീത് എന്നിവർ സംസാരിച്ചു.
ആശുപത്രികളിൽ
കടപ്പുറം സി.എച്ച്.സിയിൽ എട്ട് ഡോക്ടർമാർ വേണ്ടിടത്തുള്ളത് 2 പേർ
30 ബെഡ് അനുവദിക്കേണ്ടിടത്ത് കടപ്പുറത്തുള്ളത് 18 ബെഡ് മാത്രം