ഗുരുവായൂർ: ക്ഷേത്രങ്ങൾ ക്ഷേത്രവിശ്വാസികൾക്കുള്ളതാണ്, അമ്പലം വിഴുങ്ങികൾക്കുള്ളതല്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. പാർത്ഥസാരഥി ക്ഷേത്രം മലബാർ ദേവസ്വം ബോർഡ് ഏറ്റെടുത്ത് 15 മാസം പൂർത്തിയാക്കുമ്പോൾ 30 ലക്ഷം രൂപയാണ് വരുമാനമായി ലഭിച്ചതെന്നും മന്ത്രി പറഞ്ഞു. ഗുരുവായൂർ പാർത്ഥസാരഥി ക്ഷേത്രാങ്കണത്തിൽ മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റായി ഒ.കെ വാസുവിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം
മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളുടെ അന്യാധീനപ്പെട്ട സ്വത്തുക്കൾ ഒ.കെ വാസുവിന്റെ നേതൃത്വത്തിൽ തിരികെ പിടിക്കാൻ കഴിഞ്ഞത് വലിയ നേട്ടമാണ്.
മലബാർ ദേവസ്വം ബോർഡ് ഗ്രാന്റ് വർദ്ധിപ്പിക്കുന്നതിന് സർക്കാർ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. .
ചടങ്ങിൽ മുരളി പെരുനെല്ലി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ക്ഷേത്ര ഗോപുരത്തിൽ ആലേഖനം ചെയ്ത ചുമർചിത്രങ്ങളുടെ പ്രകാശനം മന്ത്രി നിർവഹിച്ചു. 2019 ലെ മലബാർ ദേവസ്വം ബോർഡ് ഡയറി മുരളി പെരുനെല്ലി എം.എൽ.എ പ്രകാശനം ചെയ്തു. മലബാർ ദേവസ്വം ബോർഡ് കമ്മിഷണറും സെക്രട്ടറിയുമായ കെ. മുരളി സത്യപ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. ഗുരുവായൂർ നഗരസഭ ആക്ടിംഗ് ചെയർമാൻ കെ.പി വിനോദ്, മുൻ നഗരസഭ ചെയർമാൻ എം. കൃഷ്ണദാസ്, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ.ബി മോഹനൻ നമ്പൂതിരി, കൂടൽമാണിക്യം ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രദീപ് മേനോൻ, ഗുരുവായൂർ ദേവസ്വം ചെയർമാൻ അഡ്വ കെ.ബി മോഹൻദാസ്, മലബാർ ദേവസ്വം ബോർഡ് അംഗങ്ങളായ കൊട്ടറ വാസു, ശശികുമാർ പേരാമ്പ്ര, ടി.എൻ ശിവശങ്കരൻ, ടി.കെ സുബ്രഹ്മണ്യൻ, പ്രദീപൻ, വി. കേശവൻ, പി.എം സാവിത്രി, പി.പി വിമല എന്നിവർ സംസാരിച്ചു. സദസിൽ ഗുരുവായൂർ എം.എൽ.എ കെ.വി അബ്ദുൾ ഖാദർ, പി. ജയരാജൻ, ഗുരുവായൂർ ദേവസ്വം ഭരണസമിതി അംഗങ്ങളായ കെ.കെ രാമചന്ദ്രൻ, പി. ഗോപിനാഥൻ, ദേവസ്വം അഡ്മിനിസ്ട്രറ്റർ എസ്.വി ശിശിർ തുടങ്ങിയവർ പങ്കെടുത്തു.....