ഗുരുവായൂർ: ഗുരുവായൂരിൽ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് നേരെ യുവമോർച്ച പ്രവർത്തകർ കരിങ്കൊടി കാട്ടി. പാർത്ഥസാരഥി ക്ഷേത്രത്തിൽ മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്നതിനിടെയാണ് യുവമോർച്ച പ്രവർത്തകർ കരിങ്കൊടി കാട്ടിയത്. യുവമോർച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. മന്ത്രി പ്രസംഗിച്ചുകൊണ്ടിരിക്കുന്ന വേദിയുടെ അടുത്തേയ്ക്ക് പൊലീസിന്റെ വലയം ഭേദിച്ചാണ് യുവമോർച്ചക്കാർ കയറിയത്.
സത്യപ്രതിജ്ഞാ ചടങ്ങ് തുടങ്ങി 20 മിനിറ്റോളം പിന്നിട്ട ശേഷമായിരുന്നു പ്രതിഷേധം. മന്ത്രിക്ക് ശക്തമായ സുരക്ഷ ഒരുക്കിയിരുന്നുവെങ്കിലും സദസിൽ നിന്ന് യുവമോർച്ച പ്രവർത്തകർ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിക്കുകയായിരുന്നു. യുവമോർച്ച പ്രവർത്തകരെ വലിച്ചിഴച്ചാണ് പൊലീസ് ജീപ്പിൽ കയറ്റിക്കൊണ്ട് പോയത്. സദസിലേക്ക് കയറാനെത്തിയ പ്രവർത്തകരെ ലാത്തി വീശീ ഓടിച്ചു. യുവമോർച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് വാര്യർ, ജില്ലാ പ്രസിഡന്റ് പി. ഗോപിനാഥ്, ജില്ലാ സെക്രട്ടറി എൻ.വി. ഷൈൻ, യുവമോർച്ച മണ്ഡലം ട്രഷറർ ഇ.ആർ. വിനിൽ എന്നിവരെയാണ് അറസ്റ്റ് ചെയ്തു നീക്കിയത്. ഇതിനിടെ പ്രതിഷേധവുമായി മുദ്രാവാക്യം വിളിച്ചെത്തിയ ഗുരുവായൂരിലെ ബി.ജെ.പി നേതാക്കളായ അനിൽ മഞ്ചറമ്പത്ത്, സുമേഷ് തേർളി, വേലായുധകുമാർ, ദിലീപ് പൂക്കോട് തുടങ്ങിയവരടക്കമുള്ള ഏഴ് പേരെയും പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. ഇവർക്ക് വൈകീട്ടോടെ ജാമ്യം നൽകി .....