bjp
ചാലക്കുടിയിൽ ബി.ജെ.പി പ്രവർത്തകർ വാഹനം തട‌ഞ്ഞപ്പോൾ

ചാലക്കുടി: ശബരിമലയിലെ യുവതി പ്രവേശനത്തിൽ പ്രതിഷേധിച്ച് ബി.ജെ.പി സംഘടിപ്പിച്ച പ്രതിഷേധം നഗരത്തിൽ ഹർത്താലായി. വാഹനങ്ങൾ തടയലിനിടെ ഒരു കുടുംബത്തിന് നേരെ ആക്രമണവും നടന്നു. ഒരു സത്രീക്ക് പരുക്കേറ്റു. നൂറ്റമ്പതോളം പ്രവർത്തകർ പങ്കെടുത്ത പ്രകടനം സൗത്ത് ജംഗ്ഷനിൽ എത്തിയോടെയാണ് വഴിതടയൽ നടന്നത്.

കെ.എസ്.ആർ.ടി.സി ബസുകളടക്കം എല്ലാ വാഹനങ്ങളും സമരക്കാർ തടഞ്ഞു. റോഡിൽ കുത്തിയിരുന്ന് പ്രവർത്തകർ പ്രതിഷേധിച്ചതിനെ തുടർന്ന് ഗതാഗതം സ്തംഭിച്ചു. ഇതിനിടെയാണ് ഇന്നോവ കാറിൽ ഒരു കുടുംബം എത്തിയത്. മുന്നോട്ടെടുക്കാൻ തുനിഞ്ഞ കാറിനെ തടഞ്ഞ് സമരക്കാർ ആക്രമിക്കുകയായിരുന്നു. അഡ്വ. മാത്യു ഗോപുരന്റെ ഭാര്യ അഡ്വ. മേരി കാതറിൻ പ്രിയങ്കയ്ക്കാണ് പരിക്കേറ്റത്. ഡ്രൈവറുടെ നേരെയുള്ള കൈയ്യേറ്റം തടയാൻ ശ്രമിച്ചപ്പോഴാണ് വനിതാ അഭിഭാഷകയ്ക്ക് നേരം ആക്രമണം നടന്നത്. ഇവർ പിന്നീട് ആശുപത്രിയിൽ ചികിത്സ തേടി.

പിന്നീട് അരമണിക്കൂറിന് ശേഷം വാഹനങ്ങൾ തടയുന്നതിൽ നിന്നും പ്രവർത്തകർ പിൻവാങ്ങി. തുടർന്നായിരുന്നു കടകളടപ്പിക്കൽ. എല്ലാ സ്ഥാപനങ്ങളും ബലമായി ഷട്ടർ ഇടുകയായിരുന്നു. ഇതോടെ നഗരം നിശ്ചലമായി. വാഹനം തടയൽ തുടർന്നില്ലെങ്കിലും സ്വകാര്യ ബസുകൾ ഭൂരിഭാഗവും ഓട്ടം നിറുത്തിവച്ചു. ഇതേത്തുടർന്ന് നഗരത്തിലെത്തിയ ജനങ്ങൾ നട്ടംതിരിഞ്ഞു. വാഹനങ്ങൾ കിട്ടാതെ നഗരത്തിൽ കുടുങ്ങിയ ആളുകൾ വൈകിട്ട് വരെയും നട്ടംതിരിഞ്ഞു. എന്നാൽ കൊരട്ടിയിലും മറ്റും സ്ഥിതിഗതികൾ ശാന്തമായിരുന്നു.