കൊടുങ്ങല്ലൂർ: ശബരിമലയിൽ സ്ത്രീ പ്രവേശനം നടന്നുവെന്ന വാർത്ത സ്ഥിരീകരിക്കപ്പെട്ടതോടെ ബി.ജെ.പി സംഘ പരിവാർ പ്രവർത്തകർ തെരുവിലിറങ്ങി നടത്തിയ പ്രതിഷേധം ഹർത്താൽ പ്രതീതിയുണ്ടാക്കി. പ്രധാന ജംഗ്ഷനുകളിലും മറ്റും ഗതാഗതം ക്രമീകരിക്കാൻ പൊലീസ് സ്ഥാപിച്ചിട്ടുള്ള ഡിവൈഡറുകളും മറ്റും മറിച്ചിട്ടു. പ്രകോപന നീക്കങ്ങൾ കണ്ടതോടെ നഗരസഭാ പ്രദേശത്തെ മിക്കവാറും പ്രദേശങ്ങളിലും തൊട്ടുള്ള എടവിലങ്ങ്, ശ്രീനാരായണപുരം പഞ്ചായത്തിലെ ആല, പൊരിബസാർ പ്രദേശങ്ങളിലും കടകമ്പോളങ്ങളെല്ലാം അടഞ്ഞു കിടക്കുന്ന സ്ഥിതിയിലായി. എടവിലങ്ങിലും ആലയിലും ഗതാഗത തടസം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ റോഡിൽ പഴയ ടയറുകൾ കത്തിച്ചു. നഗരത്തിൽ രാവിലെ പത്തരയോടെയോടെ തെക്കേ നടയിൽ നിന്നും ചന്തപ്പുരയിലേക്ക് പ്രതിഷേധ പ്രകനം നടന്നു. പ്രകടനത്തിനിടെ എതിർ പാർട്ടികളുടെ കൊടിതോരണങ്ങളും മറ്റും നശിപ്പിച്ചു. അനുവാദമില്ലാതെ പ്രകടനം നടത്തിയതിനും പൊതുമുതൽ നശിപ്പിച്ചതിനും നേതാക്കളുൾപ്പെടെ 200 ഓളം പേർക്കെതിരെ കേസെടുത്തു.
ബസ് ഗതാഗതം തടസപ്പെട്ടതോടെ, നഗരത്തിൽ വിവിധ ആവശ്യങ്ങൾക്ക് എത്തിയവർ പെട്ടു പോയി. സ്വകാര്യ ബസുകളെല്ലാം പൊടുന്നനെ സർവീസ് അവസാനിപ്പിച്ചു. ഇതോടെ പ്രായമായ സ്ത്രീകൾ ഉൾപ്പെടെയുളള യാത്രക്കാർ ഏറെ നേരം കൊടുങ്ങല്ലൂരിൽ കുടുങ്ങി. എന്നാൽ കെ.എസ്. ആർ.ടി.സി ബസുകൾ അപൂർവ്വമായെന്നോണം സർവീസ് തുടർന്നത് വലിയ ആശ്വാസമായി. ഇതിനിടെ കോട്ടപ്പുറം ടോൾ പരിസരത്ത് രാവിലെയും വൈകീട്ടും കെ.എസ്.ആർ.ടി.സി ബസിന് നേരേ കല്ലേറുണ്ടായെങ്കിലും നാശമൊന്നും സംഭവിച്ചില്ല. എന്നാൽ വൈകീട്ട് കെ.എസ്.ആർ.ടി.സി ബസിന് നേർക്ക് അതിക്രമത്തിന് ശ്രമിച്ചവർ രക്ഷപ്പെട്ടു പോയ ബസിനെ പിന്തുടർന്ന് അതിക്രമം നടത്തിയെന്ന് റിപ്പോർട്ടുണ്ട്. പ്രതിഷേധക്കാരിൽ രണ്ട് പേരെ വടക്കേക്കര പൊലീസ് പിടികൂടിയെന്നും റിപ്പോർട്ടുണ്ട്. ശബരിമലയിലെ ആചാര ലംഘനത്തിൽ പ്രതിഷേധിച്ച് വൈകീട്ട് നഗരത്തിലും മേത്തല കീഴ്ത്തളിയിലും പറമ്പിക്കുളങ്ങരയിലും എറിയാട്, എടവിലങ്ങ്, ആല, ശ്രീനാരായണപുരം പ്രദേശങ്ങളിലും വിശ്വാസികളുടെ പ്രകടനവും പ്രതിഷേധയോഗവും നടന്നു. ശബരി മല കർമ്മ സമിതിയുടെയും കോൺഗ്രസിന്റെയും നേതൃത്വത്തിൽ വെവ്വേറെ പ്രകടനങ്ങളാണ് നടന്നത്.
കയ്പ്പമംഗലത്ത്
ശബരിമലയിൽ യുവതികളെ പ്രവേശിപ്പിച്ച പിണറായി വിജയൻ രാജിവയ്ക്കണമെന്നാവശ്യപെട്ടും, ആചാരലംഘനത്തിൽ പ്രതിഷേധിച്ചും ശബരിമല കർമ്മസമിതിയുടെ ആഭിമുഖ്യത്തിൽ തീരദേശത്ത് വിവിധ സ്ഥലങ്ങളിൽ കടകളടപ്പിച്ച് പ്രതിഷേധ പ്രകടനം നടത്തി. പ്രകടനമായെത്തിയ പ്രവർത്തകർ ചെന്ത്രാപ്പിന്നി ഹൈസ്‌കൂൾ റോഡ് ഉപരോധിച്ചു. ഉപരോധത്തെ തുടർന്ന് ദേശീയ പാതയിൽ കുറച്ചു സമയം ഗതാഗതം സ്തംഭിച്ചു. വ്യാപാര സ്ഥാപനങ്ങളും പ്രതിഷേധക്കാർ അടപ്പിച്ചു.ത്.