മാള: മാള മേഖലയിൽ ഹർത്താൽ പൂർണമായിരുന്നു. വ്യാപാര സ്ഥാപനങ്ങൾ അടഞ്ഞുകിടന്നു. സ്വകാര്യ ബസുകളും കെ.എസ്.ആർ.ടി.സി ബസുകളും സർവീസ് നടത്തിയില്ല. സർക്കാർ ഓഫീസുകളും വിദ്യാലയങ്ങളും തുറന്ന് പ്രവൃത്തിച്ചില്ല. മാളയിൽ ശബരിമല കർമ്മസമിതിയുടെ നേതൃത്വത്തിൽ പ്രകടനവും പൊതുയോഗവും നടത്തി. പ്രകടത്തിനും പൊതുയോഗത്തിനും വിവിധ മേഖലകളിൽ നിന്നും നിരവധി പ്രവർത്തകർ പങ്കെടുത്തു. പ്രകടനത്തിന് ആർ.എസ്.എസ് നേതാവ് വി.ഡി. അംബുജാക്ഷൻ, എ.എസ്. ജയൻ, എ.ആർ. അനിൽകുമാർ, കെ.കെ. രാമു, പി.എൻ. അശോകൻ, കെ.എസ്. പ്രിയദർശൻ, സി.എം. സദാശിവൻ എന്നിവർ നേതൃത്വം നൽകി.
കുഴൂർ പഞ്ചായത്തിൽ വ്യാപകമായ അക്രമം നടന്നു. കഴിഞ്ഞ ദിവസം രാത്രിയിലും ഇന്ന് പകലുമായി നിരവധി കൊടിക്കാലുകളും ബോർഡുകളും നശിപ്പിക്കപ്പെട്ടു. സി.പി.എം കുഴൂർ ലോക്കൽ കമ്മറ്റി ഓഫീസിന്റെ ജനൽ ചില്ലുകൾ തകർത്തിട്ടുണ്ട്. കൊച്ചുകടവിൽ ബി.എം.എസ് ഓഫീസിന് നേരെ ആക്രമണം നടന്നു. കുഴൂർ പഞ്ചായത്തിലെ കുഴൂർ, എരവത്തൂർ, കൊച്ചുകടവ്, കുണ്ടൂർ എന്നിവിടങ്ങളിലാണ് രണ്ട് ദിവസങ്ങളിലായി ഏറ്റവും കൂടുതൽ അക്രമ സംഭവങ്ങൾ നടന്നത്. വഴിയോരങ്ങളിൽ സ്ഥാപിച്ചിരുന്ന സി.പി.എമ്മിന്റെയും ബി.ജെ.പിയുടേയും നിരവധി കൊടിക്കാലുകളും ബോർഡുകളും തകർത്തിട്ടുണ്ട്.
ഹർത്താൽ അനുകൂലികൾ പ്രകടനമായെത്തി എരവത്തൂരിൽ പൊലീസ് നോക്കിനിൽക്കേയാണ് രണ്ട് വലിയ കൊടിക്കാലുകൾ തകർത്തത്. സംഭവം നോക്കിനിന്ന എസ്.ഐയുടെ നേതൃത്വത്തിലുള്ള പൊലീസിനെതിരെ സി.പി.എം പ്രവർത്തകർ രൂക്ഷമായി വിമർശിച്ചു. ഈ മേഖലയിൽ ബി.ജെ.പിയുടേയും കൊടിക്കാലുകൾ കഴിഞ്ഞ രാത്രിയിൽ തകർത്തിട്ടുണ്ട്.
എരവത്തൂരിൽ സംഘർഷാന്തരീക്ഷം നിലനിൽക്കുന്നതായി സൂചനയുണ്ട്. കഴിഞ്ഞ രാത്രി ശബരിമല കർമ്മസമിതിയുടെ നേതൃത്വത്തിൽ നടത്തിയ പ്രകടന ദൃശ്യം മൊബൈൽ പകർത്തിയെന്ന് ആരോപിച്ച് സി.പി.എം പ്രവർത്തകനെ ആക്രമിച്ചിരുന്നു. തുടർന്ന് വൈകാതെ തിരിച്ചും ആക്രമണമുണ്ടായി. സംഭവവുമായി ബന്ധപ്പെട്ട് ഇരു വിഭാഗത്തിലേയും ഏതാനും പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുഴൂർ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരവധി അക്രമ സംഭവങ്ങൾ ഉണ്ടായിട്ടും മുൻകരുതൽ നടപടിയായി കൂടുതൽ പൊലീസിനെ വിന്യസിക്കാൻ കഴിഞ്ഞില്ലെന്നും ആക്ഷേപമുണ്ട്. അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് ഇരു വിഭാഗങ്ങൾക്കും എതിരെ നിരവധി കേസുകൾ രജിസ്റ്റർ ചെയ്തു.