വാടാനപ്പിള്ളി: ഗണേശമംഗലത്ത് ബി.ജെ.പി പ്രവർത്തകരും എസ്.ഡി.പി.ഐ പ്രവർത്തകരും ഏറ്റുമുട്ടി. സംഘർഷത്തിൽ മൂന്ന് ബി.ജെ.പി പ്രവർത്തകർക്ക് വെട്ടേറ്റു. രണ്ട് പേർക്ക് പരിക്കേറ്റു. ബി.ജെ.പി വാടാനപ്പിള്ളി പഞ്ചായത്തംഗം കെ.ബി ശ്രീജിത്തിന് കല്ലേറിൽ പരിക്കേറ്റു. പ്രവർത്തകനായ സുജിത്തിനാണ് കുത്തേറ്റത്. രതീഷ്, കൃഷ്ണൻകുട്ടി എന്നിവർക്ക് കാലിൽ വെട്ടേറ്റു. നാല് പേരെയും തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ രാമദാസിനെ വലപ്പാട് ഗവ: ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്. ബുധനാഴ്ച വൈകീട്ട് ബി.ജെ.പി പ്രവർത്തകരും ഗണേശമംഗലത്തെ റോസ്ബാൾ ഹോട്ടൽ അധികൃതരും തമ്മിലുണ്ടായ തർക്കമാണ് ഹർത്താൽ ദിവസം സംഘർഷത്തിലെത്തിച്ചതെന്ന് പറയുന്നു. ശബരിമലയിൽ സ്ത്രീപ്രവേശനത്തെ തുടർന്ന് ബി.ജെ.പി പ്രവർത്തകർ വാടാനപ്പിള്ളിയിൽ കടകൾ അടപ്പിച്ച ശേഷം ഗണേശമംഗലത്തെത്തി ഹോട്ടൽ അടയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടർന്ന് തർക്കവും വാക്കേറ്റവും ഉണ്ടായി. പിന്നീട് ഹോട്ടൽ തുറന്നു പ്രവർത്തിക്കുകയും ചെയ്തു.
കൂടാതെ ഹർത്താലിന് ഹോട്ടൽ തുറന്നു പ്രവർത്തിക്കുമെന്ന് ഫേസ്ബുക്കിൽ പോസ്റ്റിട്ടു. തുടർന്ന് 40ൽ അധികം എസ്.ഡി.പി.ഐ പ്രവർത്തകർ ഹോട്ടലിൽ തമ്പടിക്കുകയും ചെയ്തു. ഹർത്താൽ ദിനമായ ഇന്നലെ ഉച്ചയോടെ പ്രകടനമായെത്തിയ ബി.ജെ.പി പ്രവർത്തകർ ഹോട്ടലിന് മുന്നിലെത്തി. ഹോട്ടലിൽ തമ്പടിച്ചിരുന്ന എസ്.ഡി.പി.ഐ പ്രവർത്തകർ പ്രകടനമായെത്തിയ ഹർത്താൽ അനുകൂലികൾക്ക് നേരെ കല്ലെറിഞ്ഞതോടെയാണ് സംഘർഷം രൂക്ഷമായത്. ബി.ജെ.പിക്കാർ തിരിച്ചും കല്ലെറിഞ്ഞു. കല്ലേറിലാണ് പഞ്ചായത്തംഗം ഉൾപ്പെടെയുള്ളവർക്ക് പരിക്കേറ്റത്. തുടർന്ന് ഹോട്ടൽ അടപ്പിക്കാൻ ശ്രമിച്ചത് സംഘർഷത്തിന് കാരണമായി. ഇരു കൂട്ടരും തമ്മിൽ ഏറ്റുമുട്ടി. ഉരുളൻകല്ലുകളും വാളും വടികളും ഉപയോഗിച്ചായിരുന്നു സംഘർഷം. ഇതിനിടയിലാണ് ബി.ജെ.പി പ്രവർത്തകർക്ക് വെട്ടും കുത്തുമേറ്റത്. സംഭവ സ്ഥലത്ത് കുറച്ച് പൊലീസുകാർ മാത്രമാണുണ്ടായിരുന്നത്. ഇവർക്ക് സംഘർഷം നിയന്ത്രിക്കാൻ സാധിച്ചില്ല. പിന്നീട് ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ഫേമസ് വർഗ്ഗീസ് സഥലത്തെത്തി. കുടുതൽ പൊലീസും സ്ഥലത്തെത്തി. ഇരുകൂട്ടരെയും നീക്കം ചെയ്തു. റൂറൽ എസ്.പി എം.കെ പുഷ്കരനും സ്ഥലത്തെത്തിയിരുന്നു.....