തൃശൂർ: ശബരിമലയിൽ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് ശബരിമല കർമ്മസമിതി ആഹ്വാനം ചെയ്ത ഹർത്താലിൽ ജില്ലയിൽ വ്യാപക ആക്രമണം. വാടാനപ്പിള്ളിയിൽ മൂന്ന് ബി.ജെ.പി. പ്രവർത്തകർക്ക് കുത്തേറ്റു. രാമനിലയത്തിന് മുന്നിലെ സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപറേഷന്റെ ഓഫീസ്, ചാലക്കുടി കെ.എസ്.ആ‌ർ.ടി.സി ഡിപ്പോയിലെ കാന്റീൻ എന്നിവയ്ക്ക് നേരെയും ആക്രമണമുണ്ടായി.

തൃശൂർ സ്വരാജ് റൗണ്ടിൽ ഹർത്താൽ അനുകൂലികളുടെ പ്രകടനത്തിനിടെ സംഘർഷമുണ്ടായി. പൊലീസ് ലാത്തി വീശി. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മാദ്ധ്യമ പ്രവർത്തകർക്ക് നേരെ കൈയേറ്റ ശ്രമവും നടന്നു. വടക്കാഞ്ചേരിയിൽ സി.പി.എം ഓഫീസിന് നേരെയും കൊച്ചുകടവിൽ ബി.എം.എസ്. ഓഫീസിന് നേരെയും കല്ലേറുണ്ടായി. പുതുക്കാട് പ്രാദേശിക ചാനലിന്റെ കാമറ തകർത്തു. കെ.എസ്.ആർ.ടി.സി. ബസുകളും സ്വകാര്യ ബസുകളും നിരത്തിലിറങ്ങിയില്ല. കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു. കളക്ടറേറ്റിലെ ഭൂരിഭാഗം സർക്കാർ ഓഫീസുകളും പ്രവർത്തിച്ചു. ഭൂരിഭാഗം ജീവനക്കാരും ജോലിക്കെത്തി. ഉച്ചയോടു കൂടി തൃശൂർ താലൂക്ക് ഓഫീസ് ഹർത്താൽ അനുകൂലികൾ അടച്ചുപൂട്ടിച്ചു.


രാവിലെ ശക്തൻ സ്റ്റാൻഡിലെത്തിയ കർണാടക കെ.എസ്.ആർ.ടി.സിയുടെ ബസിന്റെ ചില്ല് കല്ലേറിൽ തകർന്നു. വ്യാപാരി വ്യവസായി ഏകോപന സമിതി, ചേംബർ ഒഫ് കൊമേഴ്‌സ് എന്നിവർ കടകൾ തുറക്കുമെന്നായിരുന്നു പ്രഖ്യാപനം. സംരക്ഷണം നൽകുമെന്ന് ജില്ലാ ഭരണകൂടവും ഉറപ്പ് നൽകിയെങ്കിലും പൊലീസിന്റെ അഭാവത്തിൽ കടകൾ തുറക്കാൻ ആരും തയ്യാറായില്ല. ഉച്ചയ്ക്ക് ശേഷം കടകൾ തുറന്നാൽ മതിയെന്നായിരുന്നു ചേംബർ ഒഫ് കോമേഴ്‌സ് ഭാരവാഹികളോട് പൊലീസിന്റെ നിർദ്ദേശം. ഇതനുസരിച്ച് എം.ഒ. റോഡിൽ ചിലർ കടകൾ തുറന്നെങ്കിലും പ്രകടനക്കാർ എത്തി പൂട്ടിച്ചു.


സ്വരാജ് റൗണ്ടിൽ പ്രകടനം നടത്തുന്നതിന് മുന്നോടിയായി നടുവിലാൽ ജംഗ്ഷനിൽ പ്രവർത്തകർ ഒരുമിച്ചപ്പോഴായിരുന്നു സംഘർഷം. അതുവഴി കടന്നുവന്ന കാർ കടത്തി വിടുന്നതുമായി ബന്ധപ്പെട്ട് പൊലീസുമായുണ്ടായ വാക്കുതർക്കം സംഘർഷത്തിലേക്കെത്തുകയായിരുന്നു. ഇവരെ പിരിച്ച് വിടാനാണ് പൊലീസ് ലാത്തി വീശിയത്. എം.ജി. റോഡിലെ ട്രാഫിക് ഡിവൈഡറുകൾ പ്രകടനക്കാർ തകർത്തു. റൗണ്ടിൽ പ്രകടനം നടത്തിയവർ സി.പി.എമ്മിന്റെ കൊടികളും ഫ്‌ളക്‌സുകളും ബോർഡുകളും ട്രാഫിക് പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകളും തകർത്തു. ഉച്ചവരെ റൗണ്ടിൽ റോഡ് ഉപരോധവും നടത്തി.


കരിദിനമായി ആചരിച്ച കോൺഗ്രസിന്റെ നേതൃത്വത്തിൽ നഗരത്തിൽ പ്രകടനം നടന്നു. ചേംബർ ഒഫ് കോമേഴ്‌സിന്റെ നേതൃത്വത്തിൽ വ്യാപാരികളും പ്രകടനം നടത്തി.