വടക്കാഞ്ചേരി/ചെറുതുരുത്തി: ശബരിമലയിൽ യുവതികൾ പ്രവേശിച്ചതിൽ പ്രതിഷേധിച്ച് ശബരിമല കർമ്മ സമിതിയും ബി.ജെ.പി.യും ആഹ്വാനം ചെയ്ത ഹർത്താൽ പൂർണ്ണം. വടക്കാഞ്ചേരിയിലും ചെറുതുരുത്തിയിലും 2 ദിവസമായി സംഘർഷാവസ്ഥ നിലനിൽക്കുന്നു. ബുധനാഴ്ചയും വ്യാഴാഴ്ചയും കടകളും വ്യാപാര സ്ഥാപനങ്ങളും അടഞ്ഞു കിടന്നത് ജനജീവിതം ശരിക്കും ദുരിതപൂർണ്ണമായി. രണ്ടിടത്തും മാദ്ധ്യമ പ്രവർത്തകർക്കു നേരെ കൈയേറ്റ ശ്രമമുണ്ടായി.

വടക്കാഞ്ചേരിയിൽ കർമ്മസമിതിയും ബി.ജെ.പിയും നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ സി.പി.എം ഏരിയാ കമ്മിറ്റി ഓഫീസിനു നേരെ വലിയ തോതിലുള്ള കല്ലേറുണ്ടായി. പൊലീസ് ലാത്തിവീശിയതോടെയാണ് രംഗം ശാന്തമായത്. പ്രാദേശിക ചാനൽ ഓഫീസിന്റെ ജനൽ ചില്ലുകൾ എറിഞ്ഞു തകർത്തു. ഇരു വിഭാഗത്തിലും പെട്ട പ്രവർത്തകരുടെ വീടുകൾക്കു നേരെയും കല്ലേറ് ഉണ്ടായി. നിരവധി പേർക്ക് പരിക്കേറ്റു. ബുധനാഴ്ച ഉച്ചയോടെ ആരംഭിച്ച അക്രമ പരമ്പരകൾ വ്യാഴാഴ്ചയും തുടർന്നു.

മാദ്ധ്യമ പ്രവർത്തകർക്കു നേരെയുണ്ടായ അക്രമത്തിൽ മന്ത്രി എ.സി. മൊയ്തീൻ പ്രതിഷേധിച്ചു. സ്വതന്ത്ര മാദ്ധ്യമ പ്രവർത്തനത്തിനു നേരെയുണ്ടായ ആക്രമണങ്ങളിൽ വടക്കാഞ്ചേരി പ്രസ്സ് ക്ലബ്ബും, കേബിൾ ടി.വി ഓപറേറ്റേഴ്‌സ് അസോസിയേഷനും പ്രതിഷേധിച്ചു. അക്രമികൾക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് സി.ഒ.എ നേതാവ് പി.എസ്.എ. ബക്കർ ആവശ്യപ്പെട്ടു. സി.പി.ഐ മണ്ഡലം കമ്മിറ്റയും അക്രമ സംഭവങ്ങളിൽ പ്രതിഷേധിച്ചു. ചെറുതുരുത്തിയിൽ നിരവധി കടകൾക്കു നേരെ ആക്രമണമുണ്ടായി. ബുധനാഴ്ച ഉച്ചയ്ക്ക് തന്നെ പ്രതിഷേധം തുടർന്നു.