പുതുക്കാട്: ശബരിമല കർമ്മസമിതിയുടെ നേതൃത്വത്തിൽ ആഹ്വാനം ചെയ്ത ഹർത്താലിന്റെ ഭാഗമായി നടത്തിയ പ്രകടനം ആക്രമാസക്തമായി. ആമ്പല്ലൂർ കുണ്ടുകാവ് ക്ഷേത്രപരിസരത്ത് നിന്നാരംഭിച്ച പ്രകടനം ദേശീയ പാതയിലൂടെ പുതുക്കാടെത്തി. പ്രകടനം കടന്നുവരുന്ന വഴിയിൽ ദേശീയ പാതയിലൂടെ കടന്നു പോയിരുന്ന വാഹനങ്ങൾ പ്രകടനക്കാർ തടഞ്ഞു. എതിർ കക്ഷികളുടെ കൊടിതോരണങ്ങൾ വ്യാപകമായി നശിപ്പിച്ചു. പുതുക്കാട് തുറന്ന കട അടപ്പിക്കാൻ ശ്രമിക്കുന്നത് പകർത്താൻ ശ്രമിച്ച പ്രാദേശിക ചാനലിന്റെ കാമറമാനെ മർദ്ദിക്കുകയും കാമറ തകർക്കുകയും ചെയ്തു. പ്രകടനത്തിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി കൊണ്ടിരുന്ന യുവാവിനെയും ഹർത്താൽ അനുകൂലികൾ മർദ്ദിച്ചു. ദേശീയ പാതയിലൂടെ പോയിരുന്ന ആഡംബര കാറിന്റെ ചില്ല് തകർത്തു. അക്രമാസക്തരായ അണികളെ നിയന്ത്രിക്കാൻ നേതാക്കൾ ഏറെ പരിശ്രമിച്ചെങ്കിലും അണികളെ നിയന്ത്രിക്കാനാവുന്നുണ്ടായിരുന്നില്ല.