എരുമപ്പെട്ടി: ശബരിമല കർമ്മസമിതി ആഹ്വാനം ചെയ്ത ഹർത്താൽ എരുമപ്പെട്ടി മേഖലയിൽ പൂർണ്ണം. എരുമപ്പെട്ടി, വേലൂർ, കടങ്ങോട് പഞ്ചായത്തുകളിലെ സർക്കാർ, വിദ്യാഭ്യാസ സ്ഥാപനങ്ങളും വ്യാപാര സ്ഥാപനങ്ങളും അടഞ്ഞുകിടന്നു. തുറന്ന് പ്രവർത്തിക്കാൻ വ്യാപാരി സംഘടനകളുടെ നിർദേശം ഉണ്ടായിരുന്നെങ്കിലും കടകൾ തുറക്കാൻ വ്യാപാരികൾ തയ്യാറായില്ല. തുറന്ന് പ്രവർത്തിച്ച ഹോട്ടലുകൾ, പച്ചക്കറി കടകൾ ഉൾപ്പെടെയുള്ള വ്യാപാര സ്ഥാപനങ്ങൾ ബി.ജെ.പി, ആർ.എസ്.എസ് പ്രവർത്തകർ അടപ്പിച്ചു.

ബസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ സർവീസ് നടത്തിയില്ല. റോഡിലിറങ്ങിയ സ്വകാര്യ വാഹനങ്ങൾ എരുമപ്പെട്ടി, കടങ്ങോട്, വെള്ളറക്കാട് മനപ്പടി, പന്നിത്തടം, വേലൂർ ചുങ്കം, പോസ്റ്റ് ഓഫീസ് തുടങ്ങിയ സെന്ററുകളിൽ ഹർത്താൽ അനുകൂലികൾ തടഞ്ഞു. കടകൾ അടപ്പിക്കുയോ വാഹനങ്ങൾ തടയുയോ ചെയ്യരുതെന്ന് പൊലീസിന്റെ നിർദേശം ഹർത്താൽ അനുകൂലികൾ അവഗണിച്ചു. കടകൾ തുറന്നാൽ ബലമായി അടപ്പിക്കുമെന്ന് സംഘ പരിവാർ പ്രവർത്തകർ പൊലീസിനെ അറിയിച്ചു. ആശുപത്രി, മരണം തുടങ്ങിയ അത്യാവശ്യ കാര്യങ്ങൾക്ക് പോകുന്ന വാഹനങ്ങൾ ഒഴിവാക്കി വിട്ടു.

കടങ്ങോട് നടന്ന പ്രകടനത്തിന് ആർ.എസ്.എസ് താലൂക്ക് കാര്യവാഹക് യു.വി. സനീഷ്, ബി.ജെ.പി പഞ്ചായത്ത് ജനറൽ സെക്രട്ടറി വിനോദ് കുമാർ ഇടുക്കാട്ട്, അഭിലാഷ് കടങ്ങോട്, സിജീഷ് മണ്ടംപറമ്പ്, കെ.ബി. അഭിലാഷ് എന്നിവർ നേതൃത്വം നൽകി. പന്നിത്തടത്ത് നടന്ന പ്രകടനത്തിന് ആർ.എസ്.എസ് കേച്ചരി ഖണ്ഡ് കാര്യവാഹക് സനൂപ് കടങ്ങോട്, ഗുരുവായൂർ ജില്ലാ സഹഖണ്ഡ് ചാലക് ഗോപി കുടക്കുഴി, ബി.ജെ.പി കടങ്ങോട് പഞ്ചായത്ത് പ്രസിഡന്റ് മുരളി ആദൂർ തുടങ്ങിയവർ നേതൃത്വം നൽകി.